ഗുരുവായൂരിലും ശബരിമലയിലും ഇന്ന് ക്ഷേത്രനട നേരത്തെ അടയ്ക്കും

തൃശൂര്‍: ഇന്ന് രാത്രി ചന്ദ്രഗ്രഹണം ആയതിനാല്‍ ഗുരുവായൂരിലും ശബരിമലയിലും ക്ഷേത്രനട നേരത്തെ അടയ്ക്കും. ഗുരുവായൂരില്‍ തൃപ്പുക ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ പൂര്‍ത്തീകരിച്ച് രാത്രി 9.30 മണിയോടുകൂടി ക്ഷേത്രനട അടയ്ക്കും. അത്താഴപൂജ നിവേദ്യങ്ങളായ അപ്പം, അട, അവില്‍ എന്നീ പ്രസാദങ്ങള്‍ ശീട്ടാക്കിയ ഭക്തര്‍ ഇന്ന് രാത്രി 9 മണിക്ക് മുന്‍പായി അവ കൈപ്പറ്റണം. അടുത്തദിവസം രാവിലെ പ്രസാദങ്ങള്‍ ലഭിക്കുന്നതല്ലെന്നും ദേവസ്വം അറിയിച്ചു.ഓണത്തോട് അനുബന്ധിച്ച പൂജകള്‍ പൂര്‍ത്തിയാക്കി ചതയ ദിനം കൂടിയായ ഇന്ന് ശബരിമല നട നേരത്തെ അടയ്ക്കും.
ചന്ദ്രഗ്രഹണം കണക്കിലെടുത്ത് രാത്രി 8.50 നു ഹരിവരാസനം പാടി 9 മണിക്കാകും നട അടയ്ക്കുന്നത്. താന്ത്രിക നിര്‍ദ്ദേശപ്രകാരമാണ് സമയ മാറ്റം.ഓണം പ്രമാണിച്ച് ഗുരുവായൂരപ്പ ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്കെല്ലാം ദര്‍ശനം ഒരുക്കുന്നതിന്റെ ഭാഗമായി ഇന്നും ദര്‍ശനസമയം ഒരു മണിക്കൂര്‍ കൂട്ടിയിട്ടുണ്ട്. ക്ഷേത്രനട ഉച്ചയ്ക്ക് 3.30 ന് തുറക്കും. ഇന്നും രാവിലെ 6 മുതല്‍ ഉച്ചതിരിഞ്ഞ് 2 വരെ വി ഐ പി, സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.