ശബരിമല സ്വർണക്കൊള്ള: ബി. മുരാരി ബാബു അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു അറസ്റ്റിൽ. ബുധനാഴ്ച രാത്രി 10-നായിരുന്നു പ്രത്യേക അന്വേഷണസംഘം മുരാരി ബാബുവിനെ പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ഗൂഢാലോചനയുടെയും സ്വർണ്ണക്കടത്തിന്റെയും കൂടുതൽ വിവരങ്ങൾ എസ്ഐടിയുടെ ചോദ്യം ചെയ്യലിൽ കിട്ടിയതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച ശേഷമായിരുന്നു ചോദ്യം ചെയ്യൽ. തട്ടിപ്പിൽ ഉൾപ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റും ഉടനുണ്ടാകാനാണ് സാധ്യത. പ്രതിപ്പട്ടികയിൽ ചേർത്ത 9 പേരും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക നിരീക്ഷണത്തിലും വലയത്തിലുമാണ്. അതിനാൽ തന്നെ കൂടുതൽ ആളുകളെ ഇന്ന് തന്നെ സ്റ്റഡിയിലെടുക്കാനാണ് സാധ്യത. ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശിൽപങ്ങളിലെ സ്വർണം പതിച്ച പാളികൾ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയത് അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ്.
