ശബരിമല സ്വര്‍ണക്കടത്ത് കേസ്: അറസ്റ്റിലായ മുരാരി ബാബു റിമാൻഡിൽ

പത്തനംതിട്ട : ശബരിമല സ്വർണക്കടത്ത് കേസിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ്. മുരാരി ബാബുവിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റി.
അടുത്തദിവസം തന്നെ അന്വേഷണ സംഘം മുരാരി ബാബുവിനെ കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം. ശബരിമല സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥാനാണ് മുരാരി ബാബു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണ്ണം പതിച്ച പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. മുഖ്യ സൂത്രധാരന്റെ അറസ്റ്റോടോ അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്ക് നീങ്ങുകയാണ്.
മുൻപ് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും എസ്ഐടി നീക്കം നടത്തുന്നുണ്ട്. മുരാരി ബാബുവിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. കൂടാതെ ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതിലും രുദ്രാക്ഷമാല മോഷണം പോയതിലും പങ്കുണ്ടെന്ന വിവരങ്ങൾ പുറത്ത് വന്നിരുന്നു. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബുവിന് പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.