ശബരിമല:ഇനി 10 നാള്‍ ഉത്സവക്കാലം, പൈങ്കുനി മഹോത്സവത്തിന് ഇന്ന് കൊടിയേറ്റ്
ശബരിമല: പൈങ്കുനി ഉത്രം മഹോത്സവത്തിന് ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഇന്ന് കൊടിയേറി.ഇനി 10 നാള്‍ സന്നിധാനത്ത് ഉത്സവക്കാലം. രാവിലെ 8.30 നും ഒമ്പതു മണിക്കും മധ്യേയുള്ള മുഹൂര്‍ത്തത്തിലായിരുന്നു കൊടിയേറ്റ്.
ഉത്സവ ദിവസങ്ങളില്‍ ഉത്സവബലി, ഉത്സവബലിദര്‍ശനം, ആനപ്പുറത്ത് എഴുന്നള്ളിപ്പ് എന്നിവ ഉണ്ടാകും. 24 ന് രാത്രിയാണ് പള്ളിവേട്ട. ശരം കുത്തിയിലാണ് പള്ളിവേട്ട നടക്കുക. 25ന് രാവിലെ ഒന്‍പത് മണിക്ക് ആറാട്ട് പുറപ്പാട്. ഉച്ചക്ക് 11.30 മണിയോടെ പമ്പയില്‍ തിരു ആറാട്ട് നടക്കും.അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകള്‍ പൂര്‍ത്തിയാക്കി ശ്രീകോവില്‍ നട അടക്കും. ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ സ്‌റ്റേജില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.
മീനമാസ പൂജകള്‍ക്കും ഉത്സവത്തിനുമായും മാര്‍ച്ച് 13 നാണ് ശബരിമല നട തുറന്നത്. 13 ന് തുറന്ന നട തുടർച്ചയായി 13 ദിവസം നടതുറന്നിരിക്കും. വെർച്വൽ ക്യൂ ബുക്കു ചെയ്തും സ്പോർട്ട് ബുക്കിങ് നടത്തിയും തീർഥാടകർക്ക് ദർശനം നടത്താവുന്നാതാണ്.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ എല്ലാ ദിവസവും രാവിലെ 5.30ന് നടക്കുന്ന മഹാഗണപതി ഹോമത്തോടെ പൂജകൾക്ക് തുടക്കമാകും. 25 വരെഎല്ലാ ദിവസവും പൂജകൾ ഉണ്ടാകും. ദിവസവും രാവിലെ 5.30ന് നെയ്യഭിഷേകം ആരംഭിക്കും. 17 മുതൽ 24 വരെ 11.30 മുതൽ 12.30 വരെ ഉത്സവബലി ദർശനവും രാത്രി 7.30ന് ശ്രീഭൂതബലിയും നടക്കും. 20 മുതൽ 24 വരെ രാത്രി ശ്രീഭൂതബലിക്കു ശേഷം വിളക്കിനെഴുന്നള്ളിപ്പ് ഉണ്ടാകും.