മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല നട ബുധനാഴ്ച തുറക്കും
 
                പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോത്സവത്തിനുമായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്രം ബുധനാഴ്ച വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി പി.എൻ. മഹേഷ് നമ്പുതിരി ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഗണപതി, നാഗർ എന്നീ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിക്കും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകരുന്നതോടെ അയ്യപ്പ ഭക്തർ ശരണം വിളികളുമായി പതിനെട്ടാംപടി കയറി അയ്യപ്പ സ്വാമി ദർശനമാരംഭിക്കും. നട തുറന്ന ശേഷം അയ്യപ്പഭക്തർക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് വിഭൂതി പ്രസാദം വിതരണം ചെയ്യും. മാളികപ്പുറം മേൽശാന്തി പി.ജി. മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല.
മീനം ഒന്നായ 14ന് പുലർച്ചെ 5 മണിക്ക് തിരുനട തുറക്കും. തുടർന്ന് നിർമാല്യ ദർശനവും പതിവ് അഭിഷേകവും. 5.30 ന് ഗണപതി ഹോമം. രാവിലെ 5.30 മുതൽ 7 മണി വരെയും 9 മണി മുതൽ 11 മണി വരെയും നെയ്യഭിഷേകം. രാവിലെ 7.30 ന് ഉഷഃപൂജ തുടർന്ന് ഉദയാസ്തമയ പൂജ. 12.30ന് ഉച്ചപൂജ കഴിഞ്ഞ് ഒരു മണിക്ക് നട അടയ്ക്കും.
ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി ഉത്രം ഉത്സവത്തിന് 16ന് രാവിലെ കൊടിയേറും. രാവിലെ 8.30നും 9 മണിക്കും മധ്യേയുള്ള മുഹൂർത്തത്തിലാണ് കൊടിയേറ്റ്. ഉത്സവ ദിവസങ്ങളിൽ ഉത്സവബലിയും ഉത്സവബലി ദർശനവും ആനപ്പുറത്ത് എഴുന്നെള്ളിപ്പും ഉണ്ടാകും. 24ന് രാത്രി ആണ് പള്ളിവേട്ട. ശരം കുത്തിയിലാണ് പള്ളിവേട്ട നടക്കുക. 25ന് രാവിലെ 9 മണിക്ക് ആറാട്ട് പുറപ്പാട്. ഉച്ചയ്ക്ക് 11.30 മണിയോടെ പമ്പയിൽ തിരു ആറാട്ട്. അന്ന് രാത്രി കൊടിയിറക്കി മറ്റ് പൂജകൾ പൂർത്തിയാക്കി ശ്രീകോവിൽ നട അടയ്ക്കും. ഉത്സവത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തെ സ്റ്റേജിൽ വിവിധ കലാപരിപാടികളും അരങ്ങേറും.

 
                         
                                             
                                             
                                             
                                        