ശബരിമല തീര്‍ഥാടനത്തിന് വിപുലമായ ക്രമീകരണം
പത്തനംതിട്ട: മണ്ഡല മകരവിളക്ക് ഉത്സവത്തിന് സജ്ജമായി ശബരിമല. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ ചന്ദ്രാനന്ദന്‍ റോഡില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കാന്‍ ബെഞ്ചുകള്‍ സ്ഥാപിച്ചു. വലിയ നടപ്പന്തല്‍ മുതല്‍ ശരംകുത്തി വരെ ക്യൂ കോംപ്ലക്സിന്റെ ഇരുവശവും 400 മീറ്ററോളം അരമതില്‍ നിര്‍മിച്ച് ഇരിപ്പിടമൊരുക്കി. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ഇവിടെ കുടിക്കാന്‍ ചൂടുവെള്ളം കിയോസ്‌കുകള്‍ വഴി നേരിട്ടെത്തിക്കും. പമ്പ മുതല്‍ സന്നിധാനം വരെ 56 ചുക്കുവെള്ള വിതരണകേന്ദ്രം തുറക്കും. ജലഅതോറിറ്റിയുടെ കുടിവെള്ള കിയോസ്‌കുകളുമുണ്ട്. വിശുദ്ധി സേനാംഗങ്ങളായ 1,200 പേരും ദേവസ്വം ബോര്‍ഡിന്റെ ശുചീകരണ തൊഴിലാളികളും 24 മണിക്കൂറും സേവനത്തിനുണ്ടാകും.
ശുചിമുറികളും മറ്റും വൃത്തിയാക്കാന്‍ 420 താല്‍ക്കാലിക തൊഴിലാളികളുണ്ട്. സന്നിധാനത്ത് 1005 ശൗചാലയം ഒരുക്കി. ഇതില്‍ 885 എണ്ണം സൗജന്യമായും 120 എണ്ണം പണം നല്‍കിയും ഉപയോഗിക്കാം.ശരംകുത്തി പാതയിലെ ക്യൂ കോംപ്ലക്സുകളില്‍ 164 ശൗചാലയം സജ്ജമാക്കി. പമ്പയില്‍ 300 ശുചിമുറി ഒരുക്കി. ഇതില്‍ 70 എണ്ണം സ്ത്രീകള്‍ക്കാണ്. പമ്പയില്‍നിന്ന് സന്നിധാനം വരെ പരമ്പരാഗത പാതയിലും സ്വാമി അയ്യപ്പന്‍ റോഡിലുമായി 58 ബയോ ടോയ്ലറ്റ് യൂണിറ്റും തുറന്നു. വിവിധ ഭാഷകളിലുള്ള ദിശാസൂചക ബോര്‍ഡുകള്‍, അടിയന്തര സേവന ഫോണ്‍ നമ്പരുകള്‍ എന്നിവ ഉള്‍പ്പെടുത്തി യൂട്ടിലിറ്റി ബോര്‍ഡുകളും സ്ഥാപിച്ചു. ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തില്‍ 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകളും തുറന്നു.സന്നിധാനം തിടപ്പള്ളിയില്‍ അരവണ ഉല്‍പ്പാദനം വര്‍ധിപ്പിച്ചു.
ദിവസം മൂന്നര ലക്ഷം ടിന്‍ വരെ അരവണ ലഭ്യമാക്കാന്‍ കഴിയും. അന്നദാനവും ലഘുഭക്ഷണവും യഥേഷ്ടം ലഭ്യമാക്കും. മാളികപ്പുറത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തില്‍ രാവിലെ ആറുമുതല്‍ ഉപ്പുമാവ്, കടലക്കറി, ചുക്കുകാപ്പി, ഉച്ചയ്ക്ക് പുലാവ്, രാത്രിയില്‍ കഞ്ഞി എന്നിവ ഉറപ്പാക്കി. തമിഴ്‌നാട് ദേവസ്വംമന്ത്രി ശേഖര്‍ ബാബുവിന്റെ നേതൃത്വത്തില്‍ തീര്‍ഥാടകര്‍ക്കായി 50 ലക്ഷം കവര്‍ ബിസ്‌കറ്റ് എത്തിക്കും. സന്നിധാനത്ത് താമസിക്കാന്‍ വിവിധ കെട്ടിടങ്ങളിലായി 546 മുറി സജ്ജമാക്കി. ഇതില്‍ ശബരി ഗസ്റ്റ് ഹൗസിലെ 56 മുറി പൂര്‍ണമായും നവീകരിച്ചതാണ്.
