ശബരിമലയിൽ : നാണയം എണ്ണാൻ യന്ത്രം വാങ്ങും
ആലുവ: ശബരിമലയിൽ ഭക്തർ കാണിക്കയായി സമർപ്പിക്കുന്ന നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നതിനും അരവണ ടിൻ ഉണ്ടാക്കുന്നതിനുമുള്ള യന്ത്രങ്ങൾ സ്വന്തമായി വാങ്ങാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.
ശബരിമലയിൽ ഓരോ സീസണിലും നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താൻ വലിയ ചെലവാണ് ഉണ്ടാകുന്നത്. മറ്റ് ജോലികൾ ചെയ്യേണ്ട ആറ് ജീവനക്കാരെയാണ് മാസങ്ങളോളം നിയോഗിക്കുന്നത്. കഴിഞ്ഞ സീസണിൽ മാത്രം 11.53 ലക്ഷം രൂപയുടെ നാണയമാണ് ലഭിച്ചത്.
അരവണ ടിന്നുകൾക്കായും ഓരോ സീസണിലും കോടികളാണ് ചെലഴിക്കുന്നത്. ഇതും ഒഴിവാക്കുകയാണ് ദേവസ്വം ബോർഡിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിന്‍റെ നേതൃത്വത്തിൽ കോയമ്പത്തൂരിലെത്തി വിദഗ്ധരുടെ സഹായത്തോടെ യന്ത്രങ്ങൾ കണ്ടിട്ടുണ്ട്. അടുത്ത ബോർഡ് യോഗത്തിൽ തുടർ നടപടികളുണ്ടാകും.