ശബരിമല അരവണയിൽ പ്രകൃതിദത്ത ഏലയ്ക്ക നല്‍കാനുള്ള തയ്യാറെടുപ്പില്‍ വനം വികസന കോര്‍പറേഷന്‍
കോട്ടയം: ശബരിമല സന്നിധാനത്ത് അരവണ നിര്‍മാണത്തിനാവശ്യമായ ഏലയ്ക്ക നല്‍കാനുള്ള തയ്യാറെടുപ്പില്‍ വനം വികസന കോര്‍പറേഷന്‍. ഇതിനായി ഏലയ്ക്ക സംഭരിച്ചതായി കോര്‍പറേഷന്‍ ചെയര്‍മാന്‍ ലതിക സുഭാഷ് പറഞ്ഞു. കോര്‍പറേഷന്റെ നേതൃത്വത്തിലുള്ള വിവിധ സ്ഥലങ്ങളില്‍ കൃഷി ചെയ്ത ഏലയ്ക്കയാണ് ഇതിനായി ഉപയോഗിക്കുക.
മുന്‍ ദേവസ്വം പ്രസിഡന്റിന്റെ കാലത്ത് ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും നടപ്പിലായില്ല. ഏലയ്ക്കയുടെ ഗുണനിലവാര പരിശോധന അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും ഇത് സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടക്കുകയാണ്. 12000 കിലോ ഏലയ്ക്കയാണ് ശബരിമലയിലേക്ക് ആവശ്യം. നിലവില്‍ 6000 കിലോ വരെ നല്‍കാന്‍ കഴിയുന്ന സ്ഥിതിയാണ് കോര്‍പറേഷനുള്ളത്. കൃഷി വ്യാപിപ്പിച്ചും ഉല്‍പ്പാദനം കൂട്ടിയും ശബരിമലയിലേക്ക് ആവശ്യത്തിനുള്ള ഏലയ്ക്ക നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ ലതിക സുഭാഷ് കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.