യുവതി പ്രവേശനത്തെ അനുകൂലിച്ച നിലപാട് പിന്‍വലിക്കണം : ബിജെപി

0
SABARIM

തിരുവനന്തപുരം: ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ വാദിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാട് തിരുത്തണം എന്ന് ബിജെപി. 2019 ഫെബ്രുവരി 6 ന് പുനപരിശോധന ഹര്‍ജികള്‍പരിഗണിക്കവേ സുപ്രീം കോടതിയില്‍ ബോര്‍ഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു. ഈ നിലപാട് പരസ്യമായി പിന്‍വലിക്കണമെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോര്‍ഡിന്റെ പഴയ ചെയ്തികള്‍ വിശ്വാസിസൂഹം മറന്നെന്ന് കരുതരുത്. സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാടുകള്‍ കോടിക്കണക്കിന് വരുന്ന അയ്യപ്പഭക്തരുടെ വിശ്വാസങ്ങളേയും വികാരങ്ങളേയും മുറിവേല്‍പ്പിക്കുന്നതാണ്.

ശബരിമലയ്ക്കായി ഭക്ത സംഗമം നടത്തുന്ന സര്‍ക്കാരിനും ബോര്‍ഡിനും അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കോടതിയില്‍ പുതിയ നിലപാട് അറിയിക്കണം. ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവനയും ബോര്‍ഡ് നടത്തണം. എന്‍ എസ് എസ് അടക്കമുള്ള നിരവധി സംഘടനകളെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ വാദിച്ച സര്‍ക്കാരും ബോര്‍ഡും അയ്യപ്പഭക്ത സംഗമം നടത്തുമ്പോള്‍ എന്‍എസ്എസ് ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കുക തന്നെ വേണം. ശബരിമലയില്‍ നിലനിന്നു പോരുന്ന ആചാര അനുഷ്ഠാനങ്ങള്‍ക്ക്കോട്ടം തട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് അയ്യപ്പ സംഗമം എങ്കില്‍ പിന്തുണയ്ക്കാമെന്ന എന്‍എസ്എസ് നിലപാട് സ്വാഗതാര്‍ഹമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *