സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വിവാദം : ആനന്ദവല്ലിക്ക് ആശ്വാസം

തൃശൂര്‍: സുരേഷ് ഗോപിയുടെ കലുങ്ക് സംവാദ വിവാദത്തിലെ ആനന്ദവല്ലിക്ക് കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച പണത്തിന്റെ പലിശ ലഭിച്ചു. മരുന്ന് വാങ്ങുന്നതിനായി ആവശ്യപ്പെട്ട പതിനായിരം രൂപയാണ് കരുവന്നൂര്‍ ബാങ്ക് നല്‍കിയത്. സിപിഎം പ്രവര്‍ത്തകരാണ് ആനന്ദവല്ലിയെ ബാങ്കിലെത്തിച്ചത്. തനിക്ക് പണം കിട്ടിയെന്നും സുരേഷ് ഗോപിയെ കാണുന്നതിനു പകരം ബാങ്ക് അധികൃതരെ കണ്ടാല്‍ മതിയായിരുന്നുവെന്നും ആനന്ദവല്ലി പ്രതികരിച്ചു. ആനന്ദവല്ലിയുടെ പ്രശ്നം ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിഹാരമുണ്ടായതെന്ന് സിപിഎം നേതാക്കള്‍ പറഞ്ഞു.
ചികിത്സാ ആവശ്യങ്ങള്‍ക്കായി കരുവന്നൂര്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയുടെ പലിശ ലഭിക്കണമെന്നായിരുന്നു ആനന്ദവല്ലിയുടെ ആഗ്രഹം.കഴിഞ്ഞ ദിവസം നടന്ന കലുങ്ക് സംവാദത്തിനിടെയാണ് ആനന്ദവല്ലി സുരേഷ് ഗോപിയോട് തന്റെ നിക്ഷേപം തിരികെ ലഭിക്കുന്നതിനെക്കുറിച്ച് ചോദിച്ചത്. ഇതിന് മറുപടിയായി, ഇഡിപിടിച്ചെടുത്ത വസ്തുക്കള്‍ തിരികെ നല്കിയാല് അത് സ്വീകരിച്ച് നിക്ഷേപകര്‍ക്ക് വീതിച്ച് നല്കാന് മുഖ്യമന്ത്രിയോട് പറയാനാണ് സുരേഷ് ഗോപി ആവശ്യപ്പെട്ടത്. ഈ സംഭവം ആനന്ദവല്ലിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു.