എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമെന്ന് പുട്ടിൻ; ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ

0

മോസ്കോ∙ യുക്രെയ്‌നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം. നിരവധി തവണ പരീക്ഷണം ഉണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് മിസൈലുകൾ പരീക്ഷിച്ചത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു പരീക്ഷണം.

യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണമെന്നാണ് വിലയിരുത്തൽ. റഷ്യ – യുക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം, ഉത്തര കൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ തള്ളിക്കളഞ്ഞിരുന്നു.

വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ വർധിച്ചു വരുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താണ് പരീക്ഷണമെന്ന് വ്ലാഡിമിർ പുട്ടിൻ പറഞ്ഞു. റഷ്യ എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശത്രുക്കളുടെ എന്തു തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാനാണ് നീക്കമെന്ന് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവും പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *