താത്‌ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിച്ച് റഷ്യയും യുക്രെയ്‌നും

0

കീവ്: നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ യുക്രെയ്‌നും റഷ്യയും താത്‌ക്കാലിക വെടിനിർത്തലിന് അംഗീകാരം നല്‍കി. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായും യുക്രെയ്‌ൻ പ്രസിഡന്‍റ് വ്‌ വോളോഡിമിര്‍ സെലൻസ്‌കിയുമായും അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ്‌ ട്രംപ് സംസാരിച്ചതിന് പിന്നാലെയാണ് താത്‌ക്കാലിക വെടിനിര്‍ത്തലിന് ഇരുനേതാക്കളും സമ്മതം അറിയിച്ചത്. എന്നാല്‍ എന്ന് മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.

30 ദിവസത്തെ പൂർണ വെടിനിർത്തല്‍ വേണമെന്ന് ട്രംപ് പുടിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇത് അംഗീകരിക്കാൻ പുടിൻ തയ്യാറായില്ല. ഇതിനുപിന്നാലെയാണ് താത്ക്കാലിക വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്. അമേരിക്കയുടെ തീരുമാനത്തെ പിന്തുണച്ച് യുക്രെയ്‌നും രംഗത്തെത്തി. ട്രംപ് പുടിനുമായും വെടിനിര്‍ത്തല്‍ കരാര്‍ ചർച്ചകൾ നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് യുക്രെയ്‌നും പിന്തുണ അറിയിച്ചത്.

“യുദ്ധം പൂർണമായും അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടികളിൽ ഒന്നായി ഊർജ്ജ മേഖലയ്ക്കും‌ റഷ്യയിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്,” എന്ന് ട്രംപുമായുള്ള തന്‍റെ ഫോണ്‍ കോളിന് ശേഷം സെലൻസ്‌കി സോഷ്യൽ മീഡിയയിൽ കുറിച്ചു. “വെടിനിര്‍ത്തലിനുള്ള അമേരിക്കയുടെ നടപടിയെ പിന്തുണച്ചു, ഞങ്ങൾ അത് നടപ്പിലാക്കാൻ തയ്യാറാണ്” യുക്രെയ്‌ൻ സ്ഥിരീകരിച്ചു.റഷ്യൻ സൈന്യം യുക്രേനിയൻ ഊർജ്ജ കേന്ദ്രങ്ങളിൽ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇത്തരം ആക്രമണങ്ങള്‍ നിര്‍ത്തണമെന്ന് സെലൻസ്‌കി ആവശ്യപ്പെട്ടത്. എന്നാല്‍, വെടിനിര്‍ത്തലില്‍ നിന്ന് യുക്രെയ്‌ന്‍റെ ഊര്‍ജ മേഖലയെ മാത്രം ഒഴിവാക്കിയിട്ടുള്ളൂവെന്നാണ് റഷ്യയുടെ പക്ഷം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *