തൊഴിലുറപ്പ് നിയമം, വിവരാവകാശം, സംവരണം. മൻമോഹൻ കാലത്തെ നിയമനിർമാണങ്ങൾ
രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും സുപ്രധാനമായ പങ്കുവഹിച്ച നേതാവാണ് നഷ്ടമായിരിക്കുന്നത്. രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധൻ ആരെന്ന ചോദ്യത്തിനുള്ള ഉത്തരങ്ങളിൽ ഒന്നായിരുന്നു ഡോ. മൻമോഹൻ സിംഗ്. സുപ്രധാനമായ ഒട്ടേറെ നിയമനിർമാണങ്ങളാണ് മൻമോഹൻ സിംഗിന്റെ കാലത്ത് ഉണ്ടായത്. വിപ്ലവകരമായ വിവരാവകാശ നിയമമാണ് അതിൽ പ്രധാനം. അറിയാനുള്ള ജനങ്ങളുടെ അവകാശത്തെയായിരുന്നു അന്ന് സിംഗ് നിയമമാക്കിയത്.
ഇത് പൊതുരംഗത്തുണ്ടാക്കിയ സുതാര്യത ചെറുതായിരുന്നില്ല. വിവാരാവകാശം നിയമം പ്രാബല്യത്തിൽ വന്നതോടെ സർക്കാരിന്റെയോ അഥവാ സർക്കാർ സംവിധാനങ്ങളോ സംബന്ധിച്ച വിവരങ്ങൾ മറച്ചുവെയ്ക്കാൻ അധികാരികൾക്ക് നിർവാഹമില്ലാതായി. ഇതോടെ സർക്കാരുകൾക്ക് നേരെ ചോദ്യമുയർത്താനും വാദങ്ങൾ നിരത്താനുമുള്ള കരുത്ത് സാധാരണക്കാരനായ പൗരനും ലഭിച്ചു.
ലോക്പാൽ, ലോകായുക്ത ആക്ട് ആയിരുന്നു ശ്രദ്ധേയമായ മറ്റൊരു നിയമനിർമാണം. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ അവിദഗ്ധ തൊഴിലാളികൾക്ക് പുതുജീവിതത്തിലേക്കുള്ള വഴി തുറന്നുകൊടുത്തതും സിംഗിന്റെ ഭരണകാലത്തായിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നാക്ക ജാതിക്കാർക്കായി 27 ശതമാനം സംവരണം ഉറപ്പാക്കിക്കൊണ്ട് അദ്ദേഹം പ്രവർത്തിച്ചു. സാമൂഹിക നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളോടും അദ്ദേഹത്തിന്റെ സർക്കാർ ഐക്യപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്