ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം; ക്രിമിനൽ പൊലീസിനോട് പകരം ചോദിക്കും’

0

കോഴിക്കോട്∙  ആർഎസ്എസിന്റെ പിആർ ഏജൻസിയാണ് സിപിഎം എന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. മുഖ്യന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കമ്മിഷണർ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.‘‘സ്വർണക്കടത്ത്, കൊലപാതകം, പൂരം കലക്കൽ, സംഘപരിവാർ ദാസ്യവേല എന്നിവയെല്ലാം ചെയ്യുന്നതു പൊലീസാണെന്നും ഫിറോസ് ആരോപിച്ചു. പിണറായി വിജയൻ തലയല്ല, തേങ്ങാക്കൊലയാണ്. സിപിഎമ്മിന്റെ തല ആർഎസ്എസാണ്. ഭരണം നടത്തുന്നത് പിണറായി വിജയനും മകളും മരുമകനും ചേരുന്ന കിച്ചൻ ക്യാബിനറ്റാണ്.

മലപ്പുറം ജില്ലയെ അപമാനിച്ചു. ആർഎസ്എസ് പറഞ്ഞുകൊണ്ടിരുന്നത് പിണറായി വിജയൻ ഏറ്റുപിടിച്ചു. കരിപ്പൂർ മലപ്പുറത്താണ്. അതുകൊണ്ട് സ്വർണം കടത്തുന്നത് മുഴുവൻ മലപ്പുറത്തുകാരാണെന്ന് പറയാൻ സാധിക്കുമോ. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം കോഴിക്കോട്ടാണ്. അതുകൊണ്ട് കോഴിക്കോട്ടുള്ളവരെല്ലാം മാനസിക രോഗികളാണെന്ന് പറയാൻ സാധിക്കുമോ. ആർസിസി തിരുവനന്തപുരത്താണ്. അതുകൊണ്ട് തിരുവനന്തപുരത്തുള്ളവരെല്ലാം കാൻസർ രോഗികളാണ് എന്നു പറയാൻ കഴിയുമോ. പിആർ ഏജൻസിയുടെ നടുക്കിരുന്ന് അഭിമുഖം നൽകേണ്ട ഗതികേടിലാണ് പിണറായി വിജയൻ.

പിആർ ഏജൻസിയെ നിയന്ത്രിക്കുന്നത് ആർഎസ്എസാണ്. മരുമകൻ മാത്രമാണു വായ തുറക്കുന്നത്. അധികകാലം പിണറായി വിജയനു ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ഒന്നര വർഷം കഴിഞ്ഞാൽ ക്രിമിനൽ പൊലീസിനോടു കണക്ക് പറഞ്ഞു പകരം ചോദിക്കുമെന്നും ഫിറോസ് പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ എന്നിവർ പ്രസംഗിച്ചു. മാനാഞ്ചിറയ്ക്കു സമീപം പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ ജലപീരങ്കി ഉപയോഗിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *