ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടർ കെ. പുരുഷോത്തമൻ അന്തരിച്ചു

0

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ജന്മഭൂമി പത്രത്തിന്റെ മുന്‍ മാനേജിങ് ഡയറക്ടറും മത്സ്യപ്രവര്‍ത്തക സംഘം മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറിയുമായ ആനിക്കാട് കൊടിമറ്റത്ത് കെ. പുരുഷോത്തമന്‍ (74) അന്തരിച്ചു. എറണാകുളം സുധീന്ദ്ര ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അദ്ദേഹം ദീർഘകാലം പ്രവർത്തന കേന്ദ്രമാക്കിയിരുന്ന ആർഎസ്എസ് പ്രാന്ത കാര്യാലയം എറണാകുളം എളമക്കര മാധവ നിവാസിൽ പൊതുദർശനത്തിന് വച്ച ശേഷം സംസ്കാരം വൈകിട്ട് 5ന് പച്ചാളം പൊതു ശ്മശാനത്തിൽ നടന്നു. 1959ല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ അദ്ദേഹം 1967ല്‍ ഇരുപത്തിരണ്ടാം വയസില്‍ പ്രചാരകനായി.അഞ്ചരപ്പതിറ്റാണ്ടോളം ആര്‍എസ്എസ് പ്രചാരകനായി.

കൊടുങ്ങല്ലൂര്‍, തലശ്ശേരി, പരവൂര്‍, ഇരിങ്ങാലക്കുട താലൂക്കുകളിലും ഇരിങ്ങാലക്കുട, കണ്ണൂര്‍ ജില്ലകളിലും പ്രചാരകായ അദ്ദേഹം 1984ല്‍ കണ്ണൂര്‍ വിഭാഗ് പ്രചാരകായി. തുടര്‍ന്ന് പാലക്കാട്, എറണാകുളം, ശബരിഗിരി, കോഴിക്കോട് വിഭാഗുകളില്‍ പ്രചാരകായി. 1997ല്‍ ആര്‍എസ്എസ് സംസ്ഥാന കാര്യാലയ പ്രമുഖായി. 2003ല്‍ ജന്മഭൂമി മാനേജിങ് ഡയറക്ടറായി. 2007 മുതല്‍ 15 വര്‍ഷം മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടനാസെക്രട്ടറിയായി ചുമതല വഹിച്ചു.

കോട്ടയം ആനിക്കാട് കൊടിമറ്റത്ത് വീട്ടില്‍ വെങ്ങാലൂര്‍ കേശവന്‍ നായരുടെയും ആനിക്കാട് കല്ലൂര്‍ കുടുംബാംഗം പാര്‍വതിയമ്മയുടെയും മകനായി 1950 ജനുവരി 1നാണ് ജനനം. ആനിക്കാട് എന്‍എസ്എസ് ഹൈസ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുടുബം കണ്ണൂർ പയ്യന്നൂർ ചെറുപുഴയിലേക്കും പിന്നീട് കാസര്‍കോട് രാംദാസ് നഗറിലേക്ക് താമസം മാറ്റിയിരുന്നു. ഓമന കെ.കെ, ഗോപകുമാര്‍.കെ.കെ, വിനയകുമാര്‍ കെ.കെ, വിനോദ്കുമാര്‍ കെ.കെ (സീനിയര്‍ സൂപ്രണ്ട് കെഎസ്ഇബി കാസര്‍കോട്) ഗീതാകുമാരി കെ.കെ., ഉഷാകുമാരി, കെ.കെ എന്നിവര്‍ സഹോദരങ്ങളാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *