ചേർത്തല ആർ ആർ ഓപ്പൺ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് ബില്ല് കണ്ടാൽ കണ്ണു തള്ളും
ചേർത്തല: ദേശീയപാതയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ചേർത്തല ആർ. ആർ. ഓപ്പൺ റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിക്കുന്നവർ ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുമ്പോൾ ബില്ല് കണ്ട് കണ്ണ് തള്ളുന്നത് പതിവായി മാറി. കഴിഞ്ഞദിവസം രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനായി കെഎസ്ആർടിസി ബസ് ഈ റസ്റ്റോറന്റിന്റെ മുന്നിൽ നിർത്തിയപ്പോൾ നിരവധി യാത്രക്കാർ ഇറങ്ങി ഭക്ഷണം കഴിച്ചു. ഇതിൽ ഒരാൾ ഓർഡർ ചെയ്തത് രണ്ടു പൊറോട്ടയും, ചിക്കൻ ഫ്രൈ യുടെ പകുതിയും (half) ഒരു സോഡയുമായിരുന്നു.
സാധാരണ പകുതി ചിക്കൻ ഫ്രൈ ഓർഡർ ചെയ്താൽ കുറഞ്ഞത് രണ്ടു പീസ് ആണ് ലഭിക്കാറുള്ളത്. എന്നാൽ ഭക്ഷണം ഓർഡർ ചെയ്ത വ്യക്തിക്ക് ലഭിച്ചത് ഒരു പീസ് മാത്രമായിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ബില്ല് വന്നപ്പോൾ സാധാരണ 10 രൂപയുള്ള പൊറോട്ടയ്ക്ക് 15 രൂപയാണ് ബില്ലിൽ കണ്ടത് 5% ജിഎസ്ടി അടയ്ക്കേണ്ട ഭക്ഷണ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ് പൊറോട്ട.
എന്നാൽ ബില്ലിൽ പൊറോട്ടയുടെ ജി എസ് ടി പൂജ്യമാണ് കാണിച്ചിരിക്കുന്നത്. പിന്നീടാണ് രസകരമായ കാര്യം ഒരു ചിക്കൻ ഫ്രൈയുടെ പകുതിഭാഗമെന്ന് പറഞ്ഞു നൽകിയ ഒരു പീസിന് 90 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ഏകദേശം 50 ഗ്രാം തൂക്കമുള്ള ചിക്കൻ പീസിന്റെ വിലയാണിത്. ഒരു കിലോ ചിക്കനിൽ നിന്നും ഏതാണ്ട് 18 മുതൽ 24 മീഡിയം പീസുകളാണ് സാധാരണയായി ലഭിക്കുന്നത്. ഇന്നലത്തെ( വെള്ളിയാഴ്ച) ചിക്കന്റെ വിലയനുസരിച്ച് ഏകദേശം 7 രൂപ മുതൽ 10 രൂപ വരെ വില വരുന്ന ഒരു പീസിന്റെ പുറത്താണ് ഈ തീവട്ടികൊള്ള.
വിലയിൽ ആശയക്കുഴപ്പം സംഭവിച്ചോ എന്നറിയാൻ ഭക്ഷണം കഴിച്ച വ്യക്തി കൗണ്ടറിൽ പണം വാങ്ങാൻ ഇരുന്ന വ്യക്തിയോട് അന്വേഷിച്ചു. അപ്പോൾ ഇവിടെ ഒരു ഫുൾ ചിക്കൻ ഫ്രൈക്ക് 160 രൂപയാണെന്നും അതിൽ രണ്ട് പീസുകൾ മാത്രമേ ഉണ്ടാവുകയുള്ളൂവെന്നും പകുതിക്ക് 90 രൂപയാണെന്നും അതിലിൽ ഒരു പീസ് ഉണ്ടാവുകയുള്ളൂയെന്നും വ്യക്തമാക്കി. മറ്റ് ഹോട്ടലുകളിൽ രണ്ടും നാലും പീസുകൾ നൽകുന്ന സ്ഥാനത്താണ് ആർ ആർ ഓപ്പൺ റെസ്റ്റോറന്റ് അളവ് കുറച്ച് വലിയ വിലയിൽ സാധനങ്ങൾ വിൽക്കുന്നത്.
രാത്രികാലങ്ങളിൽ മറ്റു ഹോട്ടലുകൾ ഇല്ലാത്തതിനാൽ വിശന്നു വരുന്ന ഓരോരുത്തരും ഇവർ പറയുന്ന ഭീമമായ വില നൽകി ഭക്ഷണം വാങ്ങിക്കേണ്ട അവസ്ഥയാണ്. ദീർഘദൂര സർവീസ് നടത്തുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടെയാണ് ഭക്ഷണം കഴിക്കാനായി നിർത്തുന്നത്. വൈറ്റിലക്കും കായംകുളത്തിനുമിടയിൽ മറ്റ് സ്ഥാപനങ്ങൾ ഇല്ലാത്തതും ഇവർ മുതലെടുക്കുന്നു. ഭക്ഷണത്തിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ ജില്ലാ കളക്ടർക്ക് പരാതിയും നൽകിയിട്ടുണ്ട്.