റൂട്ട് റാഷണലൈസേഷന്‍റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് കെഎസ്ആർടിസി.
തിരുവനന്തപുരം: റൂട്ട് റാഷണലൈസേഷന്‍റെ രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയെന്ന് കെഎസ്ആർടിസി. കൊല്ലം ജില്ലയിൽ 1,90,542 രൂപയും പത്തനംതിട്ട ജില്ലയിൽ 1,75,804 രൂപയുമാണ് റൂട്ട് റാഷണലൈസേഷനിലൂടെ ഒരു ദിവസം മാത്രം ലാഭിക്കാൻ കഴിഞ്ഞതെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാർ കുറവുള്ള സർവീസുകൾ ഒഴിവാക്കി തിരക്കേറിയ സമയത്ത് കൂടുതൽ സർവീസ് നടത്തിയാണ് റൂട്ട് റാഷണലൈസേഷൻ നടപ്പാക്കിയത്. ഡെഡ് കിലോമീറ്റർ ഒഴിവാക്കിയതിലൂടെ മാത്രം കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒരു ദിവസത്തെ ചെലവിൽ ലാഭിക്കാൻ കഴിഞ്ഞത് 3.66 ലക്ഷം രൂപയാണെന്ന് കെഎസ്ആർടിസി അവകാശപ്പെട്ടു.
കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല എന്നീ നാല് ക്ലസ്റ്ററുകളിലായുള്ള 16 യൂണിറ്റുകളിലെ യൂണിറ്റ് ഓഫീസർമാരുമായും കെഎസ്ആർടിസി ചെയർമാൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഓപ്പറേഷൻസ് എന്നിവരുമായും മന്ത്രി ചർച്ച നടത്തിയാണ് രണ്ടാം ഘട്ടം വിജയകരമായി പൂർത്തിയാക്കിയതെന്ന് കെഎസ്ആർടിസി അറിയിച്ചു. അതേസമയം ഒരു ബസ് മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിലും മലയോര, ആദിവാസി, തോട്ടം തൊഴിലാളി, തീരദേശ, കോളനി മേഖലകളിലേക്കും ഓപ്പറേറ്റ് ചെയ്യുന്ന ഒരു സർവീസ് പോലും റദ്ദാക്കിയിട്ടില്ലെന്നും കെഎസ്ആർടിസി വ്യക്തമാക്കി. എല്ലാ ജില്ലകളിലും റൂട്ട് റാഷണലൈസേഷൻ പൂർത്തിയാകുന്നതോടെ വലിയ ലാഭമുണ്ടാകുമെന്നാണ് കെഎസ്ആർടിസിയുടെ കണക്കുകൂട്ടൽ.