വിശ്വാസം എന്ന പൊസിഷൻ!; റോഡ്രി കളിച്ച 74 മത്സരങ്ങളിൽ സിറ്റി തോറ്റിട്ടില്ല, സസ്പെൻഷനിലായ മൂന്നു മത്സരങ്ങളിൽ തുടർ തോൽവി

0

‘‘എല്ലാ കളിയിലും പത്തിൽ എട്ടു മാർക്കെങ്കിലും നേടേണ്ടവരാണ് ഈ പൊസിഷനിൽ കളിക്കുന്നവർ. അവരുടെ റേറ്റിങ് കുറഞ്ഞാൽ ടീം തോറ്റു എന്നാണ് അർഥം’’– ഫുട്ബോളിൽ പ്രതിരോധത്തെയും മുന്നേറ്റനിരയെയും കോർത്തിണക്കുന്ന ഡിഫൻസീവ് മിഡ്ഫീൽഡർമാരെക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയാണ് ഇങ്ങനെ പറഞ്ഞത്. ഈ പൊസിഷനിൽ രണ്ട് സീസൺ ഉടനീളം ‘ഫുൾ മാർക്ക്’ നേടി എന്നതാണ് റോഡ്രിയെ അതുല്യനാക്കുന്നത്.

2022–23 സീസണിൽ പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ സിറ്റി ട്രെബിൾ‍ നേട്ടം (പ്രിമിയർ ലീഗ്, എഫ്എ കപ്പ്, ചാംപ്യൻസ് ലീഗ്) നേടിയപ്പോൾ അതിന്റെ സൂത്രധാരനായിരുന്നു റോഡ്രി. കഴിഞ്ഞ സീസണിൽ സിറ്റിക്കും സ്പെയിൻ ദേശീയ ടീമിനും വേണ്ടി മികവു തുടർന്നതോടെ റോഡ്രിയെ തേടിയെത്തിയത് കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ മെസ്സിയും ക്രിസ്റ്റ്യാനോയും ഉൾപ്പെടെയുള്ള ഗോൾ സ്കോറർമാർ പങ്കുവച്ച ബലോൻ ദ് ഓർ പുരസ്കാരം.

‘അദൃശ്യരായ അധ്വാനികൾ’ എന്നു പൊതുവെ അറിയപ്പെടുന്ന ഡിഫൻസീവ് മിഡ്ഫീൽഡർമാർക്കിടയിൽ റോഡ്രിയെ വ്യത്യസ്തനാക്കുന്ന ഒരു കാര്യമുണ്ട്. മാഞ്ചസ്റ്റർ സിറ്റി ടീമിലും സ്പെയിൻ ടീമിലും ഏറ്റവും ‘വിസിബിൾ’ ആയ കളിക്കാരിലൊരാളാണ് അദ്ദേഹം. കെവിൻ ഡിബ്രൂയ്നെയും എർലിങ് ഹാളണ്ടുമെല്ലാം എതിരാളികളുടെ പ്രസ്സിങ് നേരിടുമ്പോൾ പന്ത് പാസ് ചെയ്യുന്നത് റോഡ്രിയുടെ കാലുകളിലേക്കാണ്. സാവധാനമുള്ള ഒന്നോ രണ്ടോ ടച്ചുകൾക്കൊടുവിൽ റോഡ്രി തിരിച്ചു കൊടുക്കുന്നത് ‘സമ്മർദ്ദത്തിന്റെ കാറ്റഴിച്ചുവിട്ട’ മറ്റൊരു പന്താണ്.

മൈതാനത്ത് പന്തിനെ ഇത്ര ആത്മവിശ്വാസത്തോടെ പരിചരിക്കുന്ന മറ്റൊരു താരം ഇന്നു ലോക ഫുട്ബോളിലില്ല. ഇതേ ആത്മവിശ്വാസം റോഡ്രി ടീമിനും നൽകുന്നു. രണ്ടു സീസണുകളിലായി റോഡ്രി ടീമിലുണ്ടായിരുന്ന 74 മത്സരങ്ങളിൽ സിറ്റി തോറ്റിട്ടില്ല. ഇടയ്ക്ക് അദ്ദേഹം സസ്പെൻഷനിലായ മൂന്നു മത്സരങ്ങളിൽ തുടർച്ചയായി തോൽക്കുകയും ചെയ്തു!

സ്വന്തം പകുതിയിൽ സ്‌ലോ മോഷനിലെന്ന പോലെ പ്രതിരോധദൗത്യം നിർവഹിക്കുന്ന റോഡ്രിക്കു വേഗം കൂടുന്നത് എതിരാളികളുടെ ബോക്സിനടുത്താണ്. കഴിഞ്ഞ സീസണിൽ സിറ്റി താരങ്ങളിൽ കൂടുതൽ ‘ഗോൾ കോൺട്രിബ്യൂഷൻ’ പേരിലുളള താരങ്ങളിലൊരാളായിരുന്നു ഈ ഡിഫൻസീവ് മിഡ്ഫീൽഡർ. 2023 ചാംപ്യൻസ് ലീഗ് ഫൈനലിൽ ഹാളണ്ടും ഡിബ്രൂയ്നെയും ബെ‍ർണാഡോ സിൽവയുമെല്ലാം പരാജയപ്പെട്ടിടത്ത് റോഡ്രിയാണ് സിറ്റിയുടെ വിജയഗോൾ നേടിയത്.

തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ ഉച്ചത്തിൽ പ്രകടമാക്കുന്ന മറ്റു ഫുട്ബോളർമാർക്കിടയിലും റോഡ്രി വ്യത്യസ്തനാണ്; അദ്ദേഹം സമൂഹമാധ്യമങ്ങളിലില്ല! സ്പെയിനിലെ സർവകലാശാലയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദം നേടിയ റോഡ്രി ജീവിത പങ്കാളി ലോറയെ കണ്ടുമുട്ടിയതും അവിടെ വച്ചു തന്നെ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *