മഹാരാഷ്ട്രയില്‍ ഒന്നരക്കോടി കവര്‍ച്ച നടത്തിയവര്‍ വയനാട്ടിൽ പിടിയില്‍

വയനാട്: മഹാരാഷ്ട്രയില്‍ ഒന്നരക്കോടിയോളം രൂപയുടെ കവര്‍ച്ച നടത്തിയ ശേഷം കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികള്‍ വയനാട്ടില്‍ പിടിയില്‍.
കുമ്മാട്ടര്‍മേട് ചിറക്കടവ് സ്വദേശി നന്ദകുമാര്‍ (32), കാണിക്കുളം സ്വജേശി അജിത് കുമാര്‍ (27), പാലാനംകുറിശ്ശി സ്വദേശി സുരേഷ് (47), കാരെക്കാട്ട് പറമ്പ് സ്വദേശി വിഷ്ണു (29), മലമ്പുഴ സ്വദേശി ജിനു(31) വാവുള്ള്യപുരം സ്വദേശി കലാധരന്‍ (33) എന്നിവരെയാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസിന്റെ പ്രത്യേക സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.ഇന്നോവയിൽ ഉണ്ടായിരുന്ന മറ്റുള്ളവർ രക്ഷപ്പെട്ടു.
സത്താറ ജില്ലയിലാണ് പ്രതികള്‍ കവര്‍ച്ച നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരെ പൊലീസ് കേസും രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിച്ചതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം എം അബ്ദുള്‍ കരീം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
കെഎല്‍-10 എജി 7200 രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ രക്ഷപ്പെടാനായിരുന്നു സംഘത്തിന്റെ ശ്രമം. ഇതിനിടെയാണ് വയനാട് കൈനാട്ടിയില്‍വെച്ച് പൊലീസ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. ഇവര്‍ക്കൊപ്പം മറ്റൊരു വാഹനത്തില്‍ സഞ്ചരിച്ചവരെ കൂടി പിടികൂടാനുണ്ടെന്നാണ് വിവരം. ഇവരെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.
പിടിയിലായവർക്കെതിരെ കവര്‍ച്ച, വധശ്രമം, ലഹരിക്കടത്ത് അടക്കം കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരെ വൈദ്യപരിശോധനയ്ക്ക് ശേഷം മഹാരാഷ്ട്ര പൊലീസിന് കൈമാറി.