റോഡ് പണി വിവാദം: മന്ത്രി റിയാസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം
തിരുവനതപുരം: മന്ത്രി മുഹമ്മദ് റിയാസിന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം. തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡ് നിർമാണ വിവാദത്തിൽ ജില്ലയിലെ സിപിഎം നേതാക്കൾക്ക് കരാറുകാരുമായി ദുരൂഹ ഇടപാട് ഉണ്ടെന്ന തരത്തിലെ പ്രസംഗം അപക്വമാണെന്ന് സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ മന്ത്രിയെ വിമർശിച്ചു.
കരാറുകാരെ തൊട്ടപ്പോൾ ചിലർക്ക് പൊള്ളിയെന്ന റിയാസിന്റെ പ്രസംഗം കടകംപള്ളിയെ ലക്ഷ്യമിട്ടാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. നഗരസഭയുടെ വികസന സെമിനാറിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഭിപ്രായ പ്രകടനവും ഇതിന് മറുപടിയെന്നവണ്ണം പൊതുവേദിയിൽ മുഹമ്മദ് റിയാസിന്റെ പ്രസംഗവും വിവാദമായിരുന്നു.
പ്രസംഗത്തിൽ മന്ത്രി ജാഗ്രത പുലർത്തണമെന്ന് യോഗം നിർദേശിച്ചു. പാർട്ടി ഭരിക്കുന്ന നഗരസഭക്ക് എതിരായി പോലും വ്യാഖ്യാനിക്കാവുന്ന പ്രയോഗം എന്ന രീതിയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിഷയം ചർച്ചക്ക് വന്നത്.