കാസര്‍ഗോഡ് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി

0

കാസര്‍ഗോഡ്: കാസർകോട് റിയാസ് മൗലവി വധക്കേസിൽ വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. മൂന്ന് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് സർക്കാർ അപ്പീൽ നൽകിയിരിക്കുന്നത്. ചില ജഡ്ജിമാര്‍ മലയാള ഭാഷ നല്ല വശമില്ലാത്തവരായിരുന്നുവെന്നും സാക്ഷികളുടെ മൊഴി കോടതിക്ക് മനസിലാക്കാനായില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കൊലപാതകത്തില്‍ വിഷലിപ്ത വര്‍ഗ്ഗീയതയുണ്ടെന്ന് സര്‍ക്കാര്‍ അപ്പീലിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മതസൗഹാര്‍ദ്ദത്തെ ഉലച്ച കൊലപാതകമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിചാരണ കോടതിവിധി നിയമ വിരുദ്ധവും അനുചിതവും. നീതിന്യായ ബോധത്തെ ഞെട്ടിക്കുന്നതാണ് കോടതി വിധി. അതിനാൽ പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. അപ്പീല്‍ കാലയളവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ പ്രത്യേക ഹർജി ഫയൽ ചെയ്തു. മൂന്ന് പ്രതികളെയും ജയിലിടയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം

കാസര്‍കോഡ് റിയാസ് മൗലവി വധകേസിലെ പ്രതികളെ നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. കാസര്‍കോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ കെ ബാലകൃഷ്ണന്‍. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയതായി വിചാരണ കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നില്‍ എന്നായിരുന്നു പ്രോസിക്യൂഷന്റെ ആരോപണം. എന്നാല്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നായിരുന്നു വിചാരണ കോടതിയുടെ കണ്ടെത്തൽ. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ഹാജരാക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി നിരീക്ഷിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *