ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഉയരുന്ന ഡിമാൻഡ് വാഴയിലയുടെ വില കുതിച്ചുയരുന്നു

0

തിരുവനന്തപുരം ∙ തൂശനിലയിൽ സദ്യയുണ്ണാതെ ഓണമാഘോഷിക്കാൻ മലയാളിക്കാകില്ല. പച്ചക്കറിയും പൂക്കളും മാത്രമല്ല വാഴയിലയ്‌ക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. തിരുവനന്തപുരം ചാല കമ്പോളത്തിൽ ഒരു ഇലയ്ക്ക് ഏഴു രൂപയാണ് വില. 200 ഇലയടങ്ങിയ ഒരു കെട്ടിന് 1400 രൂപ നൽകണം. ഒരു മാസം മുൻപ് വാഴയിലയുടെ വില നാലു രൂപയായിരുന്നു. തിരുവോണം അടുപ്പിച്ചു വില പത്ത് കടക്കുമെന്നാണു കച്ചവടക്കാർ പറയുന്നത്.

ചിങ്ങ മാസത്തിൽ വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ കൂടുതലായതിനാൽ വാഴയിലയ്‌ക്ക് ആവശ്യക്കാർ ഏറുകയാണ്. വിപണിയിലെ വൻ ഡിമാൻഡ് കണക്കിലെടുത്ത് ഓണക്കാലത്തേക്കുള്ള ഇല മുൻകൂട്ടി ഓർഡർ ചെയ്തിരിക്കുകയാണ് വ്യാപാരികൾ. ഹോട്ടലുകളിൽ സദ്യ ഓർഡർ ചെയ്യുന്നവർക്കെല്ലാം വാഴയിലയിൽ വേണമെന്നതു നിർബന്ധമാണ്. 50,000 മുതൽ ഒരുലക്ഷം വരെ വാഴയില ചിങ്ങത്തിൽ അധികം വിറ്റുപോകുന്നതായാണു കണക്ക്.

തമിഴ്‌നാട് തന്നെ ശരണം

വാഴയിലയ്‌ക്കും തമിഴ്‌നാടിനെയാണു പ്രധാനമായും ആശ്രയിക്കുന്നത്. ചിങ്ങം മുന്നിൽക്കണ്ട് ഇലയ്‌ക്കുവേണ്ടി മാത്രം വാഴക്കൃഷി ചെയ്യുന്ന കർഷകർ തമിഴ്‌നാട്ടിലുണ്ട്. തൂത്തുക്കുട്ടി, തിരുനെൽവേലി, കാവൽകിണർ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും വാഴയില എത്തുന്നത്. ഞാലിപ്പൂവൻ, കർപ്പൂരവല്ലി എന്നിവയാണ് ഇലയ്‌ക്കുവേണ്ടി മാത്രം കൃഷിചെയ്യുന്നത്. കനത്ത മഴയിൽ കൃഷി നശിച്ചത് ഇല വിപണിയെ ബാധിച്ചിട്ടുണ്ട്.

കേരളത്തിലെ തോട്ടങ്ങളിൽനിന്ന് ആവശ്യത്തിനു വാഴയില ഏർപ്പാടാക്കിയാണു സാധാരണ ഗതിയിൽ ചിങ്ങമാസത്തെ വിലക്കയറ്റവും വാഴയില ക്ഷാമവും പിടിച്ചുനിറുത്തുന്നത്. കാലവർഷം ഏക്കറുകണക്കിനു വാഴത്തോട്ടങ്ങളിൽ നാശം വിതച്ചതോടെ നാട്ടിൽനിന്നുള്ള വാഴയില ലഭ്യത കുറഞ്ഞു. കേടായിപ്പോകും എന്നതിനാൽ മുൻകൂട്ടി ഇല സംഭരിച്ചു വയ്‌ക്കുന്നതിനും പരിമിതിയുണ്ട്.

പേപ്പർ ഇലയ്‌ക്ക് വിലക്കുറവ്

വാഴയിലയ്‌ക്കു പകരമായി ഉപയോഗിക്കാവുന്ന പേപ്പർ ഇലയ്‌ക്കു വില കുറവാണ്. 100 പേപ്പറില 100 രൂപയ്‌ക്കു വിപണിയിൽ ലഭിക്കും. എന്നാൽ വാഴയിലയുടെ സ്ഥാനം തട്ടിയെടുക്കാൻ പേപ്പറിലയ്ക്കു കഴിഞ്ഞിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *