കെ.എസ്. പുട്ടസ്വാമി ജസ്റ്റിസ് അന്തരിച്ചു ; ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് പോരാടിയ നിയമജ്ഞൻ
ബെംഗളൂരു: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് നിയമപോരാട്ടം നടത്തിയ ജസ്റ്റിസ് കെ.എസ് പുട്ടസ്വാമി(98) അന്തരിച്ചു. തിങ്കളാഴ്ച ബെംഗളൂരുവിലെ വസതിയിലായിരുന്നു മുന്‍ കര്‍ണാടക ഹൈക്കോടതി ജഡ്ജി കൂടിയായിരുന്ന പുട്ടസ്വാമിയുടെ അന്ത്യം.
1977 നവംബര്‍ 28-ന് ആയിരുന്നു പുട്ടസ്വാമി കര്‍ണാടക ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. 1986-ല്‍ വിരമിക്കുന്നതുവരെ സ്ഥാനത്ത് തുടരുകയും ചെയ്തു.
2012-ല്‍ തന്റെ 86-ാമത്തെ വയസ്സിലായിരുന്നു പുട്ടസ്വാമി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ആധാര്‍ പദ്ധതിയുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുകൊണ്ട് സുപ്രീംകോടതിയില്‍ നിയമപോരാട്ടം നടത്തിയത്. നിയമനിര്‍മാണം നടത്താതെ കേവലം എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ മാത്രം നടപ്പിലാക്കിയതാണ് പദ്ധതിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പോരാട്ടം. ഇത് സ്വകാര്യതാ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
പിന്നീട് സുപ്രീംകോടതി സ്വകാര്യതയ്ക്കുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ വിഭാഗത്തില്‍ പെടുമെന്ന സുപ്രധാന നിരീക്ഷണം നടത്തി.
1926 ഫെബ്രുവരി എട്ടിന് ജനിച്ച പുട്ടസ്വാമി മൈസൂരു മഹാരാജാസ് കോളജ്, ബെംഗളൂരു ലോ കോളജ് എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 1952-ല്‍ അഭിഭാഷകനായി എന്‍ റോള്‍ ചെയ്ത ശേഷം ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ എ.ജി ആയിരുന്നു.
1986-ല്‍ സെന്‍ട്രന്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ വൈസ് ചെയര്‍മാനായിരുന്നു. പിന്നീട് ഹൈദരാബാദില്‍ ആന്ധ്രാപ്രദേശ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനായി നിയമിതനായി. ഹൈദരാബാദില്‍ തന്നെ ആന്ധ്രാപ്രദേശ് പിന്നാക്ക വിഭാഗ കമ്മിഷനായും പ്രവര്‍ത്തിച്ചു.