രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും

0

മണിപ്പൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ആദ്യമായല്ല രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനം. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വിമർശിച്ചിരുന്നു. മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും മോദി കണ്ടില്ലെന്ന് നടക്കുകയാണെന്നും ആവർത്തിച്ചിരുന്നു.

അതേസമയം ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അയോധ്യ ഉൾപ്പെടുന്ന ലോക്സഭാ മണ്ഡലത്തിൽ ബിജെപിയെ പരാജയപ്പെടുത്തിയതുപോലെ, ഗുജറാത്തിലും ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തോൽവി ഭയന്നാണ് അയോധ്യ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിന്ന് നരേന്ദ്ര മോദി പിന്മാറിയതെന്ന ആരോപണം രാഹുൽ ഗാന്ധി ആവർത്തിച്ചു. ഗുജറാത്തിൽ സന്ദർശനത്തിനെത്തിയ രാഹുൽ അഹമ്മദാബാദിലെ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദിക്കും ബിജെപിക്കുമെതിരെ രംഗത്തെത്തിയത്.

‘‘അവർ നമ്മെ വെല്ലുവിളിച്ചിരിക്കുന്നു. ഇനി നമ്മുടെ ലക്ഷ്യം മോദിയേയും ബിജെപിയെയും ഗുജറാത്തിലും തോൽപ്പിക്കുക എന്നതാണ്. അവരെ നാം ഭയപ്പെടേണ്ട കാര്യമില്ല. അവർ നമ്മുടെ ഓഫിസിലേക്ക് അതിക്രമിച്ചു കയറി. നമ്മുടെ കഴിവ് അവരെ ബോധ്യപ്പെടുത്തിക്കൊടുക്കാനുള്ള സുവർണാവസരമാണ് ഇത്’’ – രാഹുൽ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *