ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ; എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: പതിനെട്ടാം ലോക്സഭാംഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ച് ജയ് വിളിച്ചായിരുന്നു രാഹുൽ സത്യപ്രതിജ്ഞ ചെയ്തത്. വയനാട്ടിലും റായ്ബറേലിയിലും വിജയിച്ച രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ചിരുന്നു. റായ്ബറേലി എംപിയായാണ് സത്യപ്രതിജ്ഞ.
പേര് വിളിച്ചപ്പോൾ തന്നെ വൻ കരഘോഷങ്ങളുമായാണ് രാഹുലിനെ ഇൻഡ്യാ മുന്നണി നേതാക്കൾ വരവേറ്റത്. ഭാരത് ജോഡോ മുദ്രാവാക്യങ്ങളുമായാണ് എംപിമാർ രാഹുലിനെ സ്വീകരിച്ചത്. രാഹുലിന്റെ സത്യപ്രതിജ്ഞ കാണാൻ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്സഭയുടെ വിസിറ്റേഴ്സ് ഗ്യാലറിയിലെത്തിയിരുന്നു
മുപ്പത്തി മൂന്നാമതായാണ് രാഹുൽ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത്. മീററ്റ് എംപിയായി അരുൺ ഗോവിലും 39-ാമതായി അഖിലേഷ് യാദവും സത്യപ്രതിജ്ഞ ചെയ്തു. അമേഠി എംപി കിശോരിലാൽ ശർമയാണ് രാഹുലിന് ശേഷം സത്യപ്രതിജ്ഞ ചെയ്തത്. ഉത്തർപ്രദേശിലെ എംപിമാരുടെ സത്യപ്രതിജ്ഞയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിലാണ് രാഹുൽഗാന്ധി മത്സരിച്ചത്. റായ്ബറേലിയിലും വയനാട്ടിലും. റായ്ബറേലിയിൽ 3,90,030 വോട്ടുകൾക്കും വയനാട്ടിൽ 3,64,422 വോട്ടുകൾക്കുമാണ് രാഹുൽ വിജയിച്ചത്. വടക്കേ ഇന്ത്യയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വയനാട് മണ്ഡലം ഒഴിയുകയായിരുന്നു. പ്രിയങ്ക ഗാന്ധി വയനാട് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും