‘വസ്ത്രമില്ലാതെ മൃതദേഹം, ഇടുപ്പെല്ല് തകർന്നു; നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു പങ്കുണ്ട്’; ആരോപണങ്ങളുമായി കുടുംബം

0

കൊൽക്കത്ത : ആർ.ജി.കാർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിതാ ‍ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണങ്ങളുമായി കുടുംബം. മകൾ ആത്മഹത്യ ചെയ്തുവെന്നാണ് ആദ്യം അറിയിച്ചതെന്നും ആശുപത്രിക്ക് പുറത്ത് മൂന്നുമണിക്കൂറോളം കാത്തുനിന്ന ശേഷമാണ് മൃതദേഹം കാണാൻ അനുവദിച്ചതെന്നും കുടുംബം ആരോപിച്ചു. പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. മെഡിക്കൽ കോളജിലെ നെഞ്ചുരോഗ വിഭാഗത്തിലെ ഒരാൾക്കു കുറ്റകൃത്യവുമായി പങ്കുണ്ടെന്നും കുടുംബം ആരോപിക്കുന്നു.

‘‘ആശുപത്രിയിലെ നെഞ്ചുരോഗ വിഭാഗം അസിസ്റ്റന്റ് സൂപ്രണ്ടാണ് ഇക്കാര്യം അറിയിക്കാൻ ഫോൺ വിളിച്ചത്. മകൾ ആത്മഹത്യ ചെയ്തെന്നും പെട്ടെന്നു വരണമെന്നും പറഞ്ഞു’’– ഡോക്ടറുടെ പിതാവ് വെളിപ്പെടുത്തി. മകളുടെ വിവാഹം അടുത്തവർഷം നടത്താനുദ്ദേശിച്ചിരുന്നതാണ്. മകളെ ഇനി തിരിച്ചുകിട്ടില്ല. എന്നാൽ അവൾക്ക് നീതി വേണം. ജനങ്ങളെ സേവിക്കാനാണ് അവൾ വന്നത്. പക്ഷേ സ്വയം ഇല്ലാതാകേണ്ടി വന്നു. നെഞ്ചുരോഗ വിഭാഗത്തിനെതിരെ ശക്തമായ അന്വേഷണം നടക്കണം. നീതിയല്ലാതെ മറ്റൊന്നും ആവശ്യമില്ലെന്നും മാതാപിതാക്കൾ പറഞ്ഞു. ആത്മഹത്യയെന്ന് അറിയിച്ചത് എന്തുകൊണ്ടാണെന്ന് പരിശോധിക്കാൻ ചെസ്റ്റ് മെഡിസിൻ അസിസ്റ്റന്റ് സൂപ്രണ്ടിനും വകുപ്പ് മേധാവിക്കും പൊലീസ് സമൻസ് അയച്ചു.

‘‘മകളെക്കുറിച്ച് അറിഞ്ഞ് തകർന്ന അവസ്ഥയിലായിരുന്നു മാതാവ്. മകളുടെ മുഖമെങ്കിലും കാണിച്ചുതരാൻ പറഞ്ഞ് മാതാപിതാക്കൾ അപേക്ഷിച്ചെങ്കിലും മൂന്നുമണിക്കൂറോളം അവരെ കാത്തുനിർത്തി. പിന്നീട് പിതാവിനെ മാത്രമാണ് മൃതദേഹം കാണാൻ അനുവദിച്ചത്. ഒരു ചിത്രം മാത്രം അദ്ദേഹം പകർത്തി. മൃതദേഹത്തിൽ വസ്ത്രമുണ്ടായിരുന്നില്ല. കാലുകൾ 90 ഡിഗ്രി അകന്നാണിരുന്നത്. ഇടുപ്പെല്ല് തകർന്നാൽ മാത്രമേ ഇങ്ങനെയുണ്ടാകൂ. അവൾ അത്രത്തോളം പിച്ചിച്ചീന്തപ്പെട്ടിരുന്നു’’– കൊല്ലപ്പെട്ട യുവതിയുടെ മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിലെത്തിയിരുന്ന ബന്ധു പറഞ്ഞു.

സംഭവത്തിൽ സിബിഐ അന്വേഷണം തുടങ്ങി. കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് കഴിഞ്ഞദിവസം കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിയായ കൊൽക്കത്ത പൊലീസിലെ സിവിക് വൊളന്റിർ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *