കർശന ഉപാധികളുടെ രേവണ്ണ ജയിൽ മോചിതനായി
ബംഗളൂരു: ലൈംഗികാതിക്രം, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ അറസ്റ്റിലായ ജെഡിഎസ് നേതാവ് എച്ച്.ഡി. രേവണ്ണ എംഎൽഎ ഉപാധികളോടെ ജാമ്യം ലഭിച്ചതിനെത്തുടർന്ന് ജയിൽ മോചിതനായി. 5 ലക്ഷം രൂപയുടെ രണ്ടു ആൾ ജാമ്യത്തിന്‍റെയും കർശന ഉപാധികളുടെയും അടിസ്ഥാനത്തിലാണ് ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന ബംഗളുരു കോടതി രേവണ്ണയ്ക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്.
6 ദിവസമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു രേവണ്ണ. ജുഡീഷ്യൽ കസ്റ്റഡി അവസാനിക്കാനിരിക്കെയാണ് ജാമ്യം. ജാമ്യം നൽകുന്നത് കേസിന്‍റെ മുന്നോട്ടുള്ള അന്വേഷണത്തെ ബാധിക്കുമെന്ന പ്രത്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) വാദം കോടതി അംഗീകരിച്ചില്ല. പ്രജ്വൽ രേവണ്ണയ്ക്കെതിരേ പുറത്തു വന്ന വീഡിയോയുമായി രേവണ്ണക്ക് ബന്ധമില്ല, രേവണ്ണയ്ക്കെതിരെ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അഭിഭാഷകൻ വാദിച്ചു.