ലൈംഗികാതിക്രമക്കേസ്: പ്രജ്വൽ രേവണ്ണ അറസ്റ്റിൽ
 
                ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജനതാദൾ എം.പിയും കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. 33 ദിവസമായി ജർമ്മനിയിൽ ഒളിവിലായിരുന്ന പ്രജ്വൽ മടങ്ങിയെത്തിയ ശേഷമാണ് അറസ്റ്റിൽ ആയത്. പീഡനക്കേസിൽ ആരോപണം ഉയർന്നതിന് പിന്നാലെയാണ് അദ്ദേഹം രാജ്യം വിട്ടത്.
ജർമനിയിൽനിന്ന് പുലർച്ചെയാണ് ബെംഗളൂരു എയർപോർട്ടിൽ വിമാനമിറങ്ങിയത്. വിമാനത്താവളത്തിൽനിന്ന് പ്രജ്വലിനെ കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു.
ലുഫ്താൻസ വിമാനത്തിലായിരുന്നു പ്രജ്ജ്വല്‍ മടങ്ങിയെത്തിയത്. 20 മിനിറ്റ് വൈകിയാണ് വിമാനം ലാൻഡ് ചെയ്തത്. ഒന്നിലധികം ലൈംഗിക അതിക്രമ പരാതിയിൽ ആരോപണ വിധേയനായ പ്രജ്വൽ രേവണ്ണ ഇന്ന് 10 മണിക്ക് നേരിട്ട് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും എന്നാണ് പ്രഖ്യാപിച്ചിരുന്നത്.
ബൗറിങ് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിമാനത്താവളത്തിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയായിരുന്നു പൊലീസ് നീക്കം. ജീവനക്കാരുടെ മൊബൈൽ ഫോണുകൾക്കുൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തി.
ബെംഗളൂരുവിൽ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് നടപടികൾ വിലയിരുത്തി. ലൈംഗിക അതിക്രമ പരാതി ഉയർന്നതിന് പിന്നാലെ ഏപ്രിൽ 26 നാണ് പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നത്. പിന്നാലെ കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. വാറണ്ടും പുറപ്പെടുവിച്ചു. ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കം വിദേശകാര്യ മന്ത്രാലയം ആരംഭിച്ചതിന് പിന്നാലെയാണ് മടക്കം. ആരോപണം ശക്തമായതിന് പന്നാലെ പ്രജ്വലിനെ ജെഡിഎസിൽ നിന്ന് പുറത്താക്കിയിരുന്നു

 
                         
                                             
                                             
                                             
                                         
                                         
                                        