ശസ്ത്രക്രിയ വേണ്ട, കുത്തിവെപ്പിലൂടെ ഘടിപ്പിക്കാം, ലോകത്തിലെ ഏറ്റവും ചെറിയ പേസ്മേക്കര്‍ വികസിപ്പിച്ച് ഗവേഷകര്‍

ഹൃദയമിടിപ്പിന്റെ സ്വഭാവിക താളം ക്രമീകരിക്കാൻ ഉപയോഗിക്കുന്ന മെഡിക്കൽ ഡിവൈസ് ആണ് പേസ്മേക്കർ. പേസ്മേക്കര്‍ സാധരണഗതിയില്‍ വലിപ്പമുള്ളതാണ്. മാത്രമല്ല, ഇവ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ സങ്കീര്‍ണമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിപ്പം കുറഞ്ഞ പേസ്‌മേക്കര്‍ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിലെ നോര്‍ത്ത് വെസ്‌റ്റേണ്‍ സര്‍വകലാശാല ഗവേഷകര്‍.
ഒരു സിറിഞ്ചിന്റെ അഗ്രത്തിനുള്ളില്‍ കടക്കാന്‍ മാത്രം വലിപ്പമുള്ള പേസ്മേക്കര്‍ കുത്തിവെക്കലിലൂടെ ശരീരത്തില്‍ ഘടിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്. നവജാത ശിശുക്കള്‍ക്ക് വേണ്ടി പ്രത്യേകം രൂപപ്പെടുത്തിയതാണ് ഈ കുഞ്ഞന്‍ പേസ്‌മേക്കര്‍. 1.8 മില്ലിമീറ്റര്‍ മാത്രം വീതിയും 3.5 മില്ലിമീറ്റര്‍ നീളവും ഒരു മില്ലിമീറ്റര്‍ കനവുമാണ് പേസ്മേക്കറിനുള്ളത്.നിലവിലെ പേസ്മേക്കര്‍ ശരീരത്തില്‍ ഘടിപ്പിക്കുന്നതിനുള്ള ശസ്ത്രക്രിയ വളരെ സങ്കീര്‍ണമാണ്. മാത്രമല്ല, കാലാവധി കഴിഞ്ഞാലോ, അല്ലെങ്കില്‍ ഉപയോഗം ആവശ്യമില്ലാതെ വന്നാലോ പേസ്മേക്കര്‍ നീക്കം ചെയ്യാന്‍ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വിധേയരാകേണ്ടി വരും. എന്നാല്‍ പുതിയതായി വികസിപ്പിച്ച പേസ്മേക്കര്‍ ഒരിക്കല്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ അത് നിശ്ചിത കാലത്തിന് ശേഷം ശരീരത്തില്‍ തനിയെ അലിഞ്ഞുചേരുമെന്നതാണ് പ്രത്യേകത.ലോകത്ത് ഒരു ശതമാനം കുഞ്ഞുങ്ങള്‍ ജന്മനാ ഹൃദയ വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. എന്നാൽ ഇവര്‍ക്ക് താൽക്കാലിക പേസിങ് മാത്രമേ ആവശ്യമായി വരൂ. ചിലപ്പോള്‍ ദിവസങ്ങള്‍ മാത്രമേ പേസ്മേക്കറുടെ സഹായം ആവശ്യമുണ്ടാകൂ. ഒരു അരിമണിയെക്കാള്‍ വലിപ്പം കുറഞ്ഞ പേസ്‌മേക്കറിന് നിലവില്‍ ഉപയോഗിക്കുന്ന വലിപ്പമുള്ള പേസ്‌മേക്കറിന്റെ അതേ ഗുണങ്ങള്‍ ഉണ്ടാകുമെന്നും ഗവേഷകര്‍ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.