വാടക ഹെലികോപ്റ്ററിൽ മുഖ്യമന്ത്രി എത്ര തവണ പറന്നു? വെളിപ്പെടുത്താനാവില്ലെന്ന് സർക്കാർ; ആകെ ചെലവ് 7.20 കോടി
തിരുവനന്തപുരം∙ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി കേരളാ പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ ഒൻപതു മാസത്തെ വാടക 7.20 കോടി രൂപ. 2023 സെപ്റ്റംബര്‍ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം വിനിയോഗിക്കുന്നത്. അന്നു മുതല്‍ 2024 ജൂണ്‍ 19 വരെയാണ് 7.20 കോടി രൂപ വാടകയിനത്തില്‍ ചെലവായിരിക്കുന്നത്.മുഖ്യമന്ത്രി എത്ര തവണ ഈ ഹെലികോപ്റ്ററില്‍ യാത്ര ചെയ്തുവെന്നു വെളിപ്പെടുത്താന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന യാത്രകളുടെ വിശദാംശങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ ലഭ്യമാക്കുന്നത് ഉചിതമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
വയനാട്ടിലെ പ്രകൃതിദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ നിയോഗിക്കപ്പെട്ടവരെ ജൂലൈ ഏഴിന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ട് എത്തിക്കാന്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 5 വരെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായും എയര്‍ ആംബുലന്‍സ് ആയും പ്രസ്തുത ഹെലികോപ്റ്റര്‍ ദുരന്തസ്ഥലത്തു പ്രവര്‍ത്തിച്ചിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ഒരു മാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയും അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും വാടക നല്‍കിയാണ് ന്യൂഡല്‍ഹി കേന്ദ്രമായ ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനിയുടെ ഇരട്ട എന്‍ജിന്‍ ഹെലികോപ്റ്റര്‍ സംസ്ഥാന സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തത്.
മൂന്നു വര്‍ഷത്തേക്കാണു കരാര്‍. കരാര്‍ കാലാവധി പൂര്‍ത്തിയായാല്‍ അന്നത്തെ സാഹചര്യം പരിശോധിച്ചു രണ്ടു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാനും വ്യവസ്ഥയുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ചു സാധാരണനിലയില്‍ മൂന്നുവര്‍ഷത്തേക്ക് കമ്പനിക്ക് സര്‍ക്കാര്‍ 28 കോടി 80 ലക്ഷം രൂപ നല്‍കണം.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പവന്‍ഹംസ് കമ്പനിയില്‍നിന്നു ടെന്‍ഡറില്ലാതെ ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തതു വിവാദമായിരുന്നു. 2020 ഏപ്രിലിലാണ് ഒരു വര്‍ഷത്തേക്കു ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. 1.44 കോടി രൂപയും ജിഎസ്ടിയുമായിരുന്നു മാസവാടക. ഹെലികോപ്റ്റര്‍ വാടക, സംരക്ഷണം എന്നിവയ്ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 22.21 കോടി രൂപയാണ്.