രാഹുലും രമ്യയും പ്രിയങ്കയും; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്
തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. ചേലക്കരയില്‍ പാലക്കാട് മുൻ എംപി കൂടിയായ രമ്യ ഹരിദാസ് കോണ്‍ഗ്രസിനായി കളത്തിലിറങ്ങും.
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ റായ് ബറേലിയിലും വയനാട്ടിലും വിജയിച്ച രാഹുല്‍ ഗാന്ധി വയനാട് നിന്ന് രാജിവെച്ചൊഴിയാൻ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ കുത്തക മണ്ഡലമായ വയനാട്ടില്‍ കഴിഞ്ഞ തവണ സിപിഐ ദേശീയ നേതാവ് ആനി രാജയെ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു രാഹുല്‍ പരാജയപ്പെടുത്തിയത്.
പാലക്കാട് സിറ്റിങ് എംഎല്‍എ ആയിരുന്നു ഷാഫി പറമ്പില്‍ വടകര ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 2021ല്‍ ബിജെപി സ്ഥാനാർഥി ഇ ശ്രീധരനില്‍ നിന്ന് കടുത്ത മത്സരം നേരിട്ട ഷാഫി അവസാന ഘട്ടത്തിലായിരുന്നു വിജയം നേടിയത്. 3,859 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമായിരുന്നു ഷാഫിയുടെ വിജയം.
മൂന്ന് പതിറ്റാണ്ടോളമായി സിപിഐഎമ്മിന്റെ മണ്ഡലമാണ് ചേലക്കര. കെ രാധാകൃഷ്ണൻ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചേലക്കര ഉപതിരഞ്ഞെടുപ്പിലേക്ക് കടന്നത്. പാലക്കാട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണനോട് പരാജയപ്പെട്ട രമ്യ ഹരിദാസിനെ തന്നെ മത്സരിപ്പിച്ച് മണ്ഡലം പിടിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ തന്ത്രം. പാലക്കാട്, ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പ് നവംബർ 13നാണ് നടക്കുക. വോട്ടെണ്ണൽ നവംബർ 23ന് നടക്കും.