ഉദ്യോഗസ്ഥൻ മതപരമായ വിവേചനം കാണിച്ചെന്ന് തമിഴ്‌നാട് ഡോക്ടർ

0

ഭർത്താവിന്‍റെ മതത്തിന്‍റെ പേരിൽ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന തമിഴ്നാട് സ്വദേശിയായ ഡോക്ടറുടെ വെളിപ്പെടുത്തൽ സമൂഹ മാധ്യമങ്ങളില്‍ വലിയ ചർച്ചയ്ക്കാണ് തുടക്കമിട്ടത്. തമിഴ്നാട് സ്വദേശിയായ ഡോ. ക്രിസ്റ്റ്യാനസ് രത്ന കിരുബ തന്‍റെ എക്സ് ഹാന്‍റില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തനിക്ക് നേരിടേണ്ടി വന്ന വിഷമകരമായ അനുഭവം പങ്കുവെച്ച ഡോ.ക്രിസ്റ്റ്യാനസിന്‍റെ കുറിപ്പ് ഇതിനകം 11 ലക്ഷം പേരാണ് കണ്ടത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഒരു പോലീസ് ഉദ്യോഗസ്ഥൻ, വീട് സന്ദർശിച്ചപ്പോൾ മതപരമായ പശ്ചാത്തലം വ്യത്യസ്തമായതിനാൽ തങ്ങളുടെ വീട്ടിൽ നിന്ന് ചായയോ മറ്റ് പാനീയങ്ങളോ കുടിക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്നാണ് ഡോക്ടറുടെ കുറിപ്പില്‍ പറയുന്നത്. കൂടാതെ വീട്ടിൽ നിന്നും പോകുന്നതിന് മുൻപായി തങ്ങളുടെ വീട്ടിൽ ഒരു അംഗത്തോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്നും ഡോക്ടർ തന്‍റെ കുറിപ്പില്‍ ആരോപിച്ചു.

പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ചായ കുടിക്കാൻ ക്ഷണിച്ചപ്പോൾ തങ്ങൾ കഴിക്കുന്ന പാത്രത്തിൽ അദ്ദേഹം ഭക്ഷണം കഴിക്കില്ലെന്ന് വാശി പിടിക്കുകയായിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്. തുടർന്ന് തങ്ങൾ അതുവരെയും ഉപയോഗിച്ചിട്ടില്ലാത്ത മറ്റൊരു പാത്രത്തിൽ അദ്ദേഹത്തിന് കുടിക്കാൻ ചായ നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. തന്‍റെ ജീവിതത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു വിവേചനാപരമായ അനുഭവമുണ്ടാകുന്നതെന്നും അവർ എഴുതി. ഈ പരിഷ്കൃത സമൂഹത്തിലും ഇത്തരം ചിന്താഗതികളുള്ളവർ ഇപ്പോഴും ഉണ്ടെന്നുള്ളത് തന്നെ ഞെട്ടിച്ചെന്നും അവർ എഴുതി.

‘ഇപ്പോൾ സമൂഹം മാറി, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ വൈഷ്ണോ ദേവി സന്ദർശിക്കുന്ന എന്‍റെ സഹപ്രവർത്തകർ പായ്ക്ക് ചെയ്ത പ്രസാദ പാക്കറ്റുകൾ കൊണ്ടുവരുമായിരുന്നു, ഞാൻ ഹജ്ജിന് പോയി വരുമ്പോള്‍ ഈന്തപ്പഴവും കൊണ്ടുവന്നു. ഒന്നും നിഷിദ്ധമായിരുന്നില്ല. എന്‍റെ കോളേജ് പഠനകാലത്ത് ചൊവ്വാഴ്ച വൈകുന്നേരം ഹനുമാൻജിയുടെ പ്രസാദം സമർപ്പിക്കുന്ന എന്‍റെ സുഹൃത്തിനെ ഞാൻ കാണാറുണ്ടായിരുന്നു.’ ഒരു കാഴ്ചക്കാരന്‍ എഴുതി. സമൂഹ മാധ്യമത്തില്‍ വൈറലായ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് അഭിപ്രായങ്ങള്‍ എഴുതാവെത്തിയത്. സാഹോദര്യത്തോടെ ജീവിക്കുന്ന ഒരു വലിയ സമൂഹം നമുക്ക് ചുറ്റുമുണ്ടെന്നും വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും ഇത്തരം അപരിഷ്ക പ്രവർത്തനങ്ങൾ നടത്തുന്നതെന്നുമാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *