ഗാസയില്‍ ആശ്വാസം; താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേല്‍

തെൽ അവീവ്: റംസാൻ, പെസഹാ അവധി ദിവസങ്ങളിൽ ഗാസയിൽ താൽക്കാലിക വെടിനിർത്തൽ എന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നിർദേശം അംഗീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വെടിനിർത്തലിന്‍റെ ആദ്യ ഘട്ടം അവസാനിച്ച സാഹചര്യത്തിലാണ് റമദാൻ പരിഗണിച്ച് അടുത്ത ഘട്ട താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍ സമ്മതിച്ചത്. ജനുവരി 19 ന് പ്രാബല്യത്തിൽ വന്ന ആദ്യ ഘട്ട വെടിനിർത്തൽ ശനിയാഴ്‌ച അവസാനിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘര്‍ഷം പരിഹരിക്കാൻ ട്രംപ് തെരഞ്ഞെടുത്ത പ്രതിനിധിയാണ് സ്റ്റീവ് വിറ്റ്കോഫ്. വെടിനിര്‍ത്തലിന്‍റെ നിര്‍ദേശം ഇദ്ദേഹമാണ് മുന്നോട്ട് വച്ചത്.
‘മാർച്ച് അവസാനത്തോടെ അവസാനിക്കുന്ന റമദാൻ കാലയളവിലേക്കും, ഏപ്രിൽ പകുതിയോടെ ആചരിക്കുന്ന എട്ട് ദിവസത്തെ ജൂത പെസഹാ ആഘോഷമായ പെസാക്കിലേയ്ക്കുമായി താൽക്കാലിക വെടിനിർത്തലിനായി യുഎസ് പ്രസിഡന്‍റിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ പദ്ധതി ഇസ്രയേൽ അംഗീകരിക്കുന്നു’ എന്ന് നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. റമദാനില്‍ ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ പ്രാർഥനയോടെയും ഉപവാസത്തോടെയും മുന്നോട്ട് പോകുകയാണ്. എന്നാല്‍, ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് ഗാസയില്‍ സ്ഥിതി രൂക്ഷമാണ്. റമദാനിലും വ്യോമാക്രമണം ഭയന്നാണ് പലസ്ഥീൻ ജനത കഴിയുന്നതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.