ഒളിമ്പ്യന്‍ ലക്ഷ്യ സെന്നിന് ആശ്വാസം; പ്രായത്തട്ടിപ്പ് കേസിലെ എഫ്‌ഐആർ സുപ്രീം കോടതി റദ്ദുചെയ്തു

0
LAKSHYA

ന്യൂഡൽഹി:  വ്യാജമായി ജനന സർട്ടിഫിക്കറ്റ്നിർമ്മിച്ച കേസിൽ ഒളിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ താരം ലക്ഷ്യ സെന്നും കുടുംബാംഗങ്ങളും പരിശീലകൻ വിമൽ കുമാറും ഉൾപ്പെട്ട എഫ്‌ഐആർ സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് സുധാൻഷു ധൂലിയ അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സെന്നിനെതിരെ ക്രിമിനൽ നടപടികൾ തുടരുന്നത് അനാവശ്യമാണെന്നും കോടതിയുടെ നടപടിക്രമങ്ങളെ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണെന്നും ബെഞ്ച് പറഞ്ഞു. ലക്ഷ്യ സെന്നിന്‍റേയും സഹോദരൻ ചിരാഗ് സെന്നിന്‍റേയും ജനന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് ആരോപിച്ച കർണാടക സർക്കാരിനും പരാതിക്കാരനായ എം ജി നാഗരാജിനും സുപ്രീം കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.

സെന്നിന്‍റെ മാതാപിതാക്കളായ ധീരേന്ദ്ര സെൻ, നിർമ്മല സെൻ, സഹോദരൻ ചിരാഗ് സെൻ, പരിശീലകൻ യു വിമൽ കുമാർ, കർണാടക ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ (കെബിഎ) ജീവനക്കാരൻ എന്നിവർക്കെതിരെ എം ജി നാഗരാജാണ് പരാതി നൽകിയത്. വിവരാവകാശ നിയമപ്രകാരം (ആർ ടി ഐ) സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നാഗരാജ് ഔദ്യോഗിക രേഖകൾ നേടിയിരുന്നു.

 ആരോപണവുമായി ബന്ധപ്പെട്ട് സെന്നും കുടുംബവും പരിശീലകൻ വിമൽ കുമാറും ക്രിമിനൽ അന്വേഷണം റദ്ദാക്കാനോ താൽക്കാലികമായി നിർത്താനോ വേണ്ടി സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജി സുപ്രീംകോടതി പരി​ഗണിക്കവെയാണ് ഇവർക്കെതിരായ കേസ് റദ്ദാക്കിയത്.

ലക്ഷ്യയുടെയും ചിരാഗിന്‍റേയും ജനന സർട്ടിഫിക്കറ്റുകളിൽ രണ്ടര വർഷം പ്രായം കുറയ്ക്കുന്നതിനായി മാറ്റം വരുത്തിയെന്നാണ് ആരോപണം. പ്രായപരിധി നിശ്ചയിച്ചിട്ടുള്ള ബാഡ്‌മിന്‍റണ്‍ ടൂർണമെന്‍റുകൾക്ക് യോഗ്യത നേടുന്നതിനും സർക്കാർ ആനുകൂല്യങ്ങൾ നേടുന്നതിനും വേണ്ടി രേഖകളിൽ കൃത്രിമം കാണിച്ചതായി പരാതിയില്‍ പറഞ്ഞിരുന്നു.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *