“റിലയൻസ് കമ്യൂണിക്കേഷൻസ് 14,000 കോടിയിലധികം വായ്‌പതട്ടിപ്പ് നടത്തിയിട്ടുണ്ട് ” : ED

0
ANIL AMBANI

മുംബൈ:: ബാങ്ക് വായ്‌പതട്ടിപ്പ് കേസിൽ വ്യവസായിയും റിലയൻസ് ഗ്രൂപ്പ് ചെയർമാനുമായ അനിൽ അംബാനി ഇന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുമ്പിൽ ഹാജരായി. കഴിഞ്ഞയാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ലുക്ക് ഔട്ട് നോട്ടീസും ഇഡി പുറപ്പെടുവിച്ചിരുന്നു.

17,000 കോടിയുടെ ബാങ്ക് വായ്‌പാതട്ടിപ്പ് കേസിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. കേസിൽ വൻകിട സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്ക് അന്വേഷിച്ചു വരികയാണ്. ആദ്യമായാണ് ഇഡി അനിൽ അംബാനിയെ ചോദ്യം ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ജൂലൈ 24-ന് റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന് (RAAGA) കീഴിലുളള സ്ഥാപനങ്ങളിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. 50 കമ്പനികളുമായി ബന്ധപ്പെട്ട് 35 സ്ഥലങ്ങളിലായി 12 ദിവസത്തോളമാണ് ഇഡി റെയ്‌ഡ് നടന്നത്.പിന്നാലെ RAAGA കമ്പനി കള്ളപ്പണം വെളുപ്പിച്ചുവെന്ന് സിബിഐ റിപ്പോർട്ടും സമർപ്പിച്ചു. ഇതിന് ശേഷമാണ് അന്വേഷണം ആരംഭിച്ചത്. നാഷണൽ ഹൗസിങ് ബാങ്ക്, സെബി, നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റി(എൻഎഫ്ആർഎ), ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ സ്ഥാപനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

2017 മുതൽ 2019 വരെയുള്ള കാലയളവിൽ യെസ്‌ ബാങ്കിൽ നിന്ന് നിയമവിരുദ്ധമായി 3,000 കോടിരൂപ വായ്‌പതട്ടിപ്പ് നടത്തിയതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

“ബാങ്കുകളെയും ഓഹരി ഉടമകളെയും നിക്ഷേപകരെയും മറ്റ് പൊതുമേഖല സ്ഥാപനങ്ങളെയും വഞ്ചിച്ചുകൊണ്ട് പൊതുജനങ്ങളുടെ പണം തട്ടിയെടുക്കുവാനുള്ള ഒരു ആസൂത്രിത നീക്കം നടന്നതായി പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. യെസ് ഭാങ്ക് ലിമിറ്റഡിൻ്റെ പ്രമോട്ടർ ഉൾപ്പടെയുള്ള ബാങ്ക് ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയ കേസും അന്വേഷണത്തിലാണ്” ഉദ്യോഗസ്ഥർ പറഞ്ഞു.വായ്‌പ അനുവദിക്കുന്നതിന് തൊട്ടു മുമ്പ് യെസ്‌ ബാങ്ക് പ്രൊമാട്ടർമാരുടെ അക്കൗണ്ടുകളിൽ പണം ലഭിച്ചതായി കണ്ടെത്തിയിരുന്നു. കൈക്കൂലിയും വായ്‌പയും തമ്മിലുള്ള ബന്ധം ഇഡി അന്വേഷിക്കുകയാണ്.

ഇഡിയുടെ അന്വേഷണത്തിൽ യെസ്‌ ബാങ്ക് RAAGA കമ്പനികൾക്ക് വായ്‌പ അനുവദിച്ചതിൽ ഗുരുതര ലംഘനങ്ങൾ കണ്ടെത്തി. ക്രെഡിറ്റ് അപ്രൂവൽ മെമ്മോറാണ്ടം പഴയതാണ്. യാതൊരു ജാഗ്രതയും ക്രെഡിറ്റ് വിശകലനവും കൂടാതെയാണ് നിക്ഷേപങ്ങൾ അനുവദിച്ചത്.

ശരിയായ സാമ്പത്തിക അടിത്തറ ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നൽകിയ വായ്‌പകൾക്ക് ശരിയായ രേഖകളില്ല. വായ്‌പ വാങ്ങിയ പലർക്കും ഒരേ മേൽവിലാസമാണുള്ളത്. ഒരേ തിയതിയിൽ നൽകുന്ന വായ്‌പകൾ, അനുമതിക്ക് മുമ്പ് നൽകുന്ന വായ്‌പകൾ എന്നിവയ്‌ക്കൊന്നും ശരിയായ കണക്കുകളില്ല. സാമ്പത്തിക കാര്യങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്‌തതെല്ലാം അന്വേഷണത്തിലേക്ക് വഴി തെളിച്ചു.

2017- 18 സാമ്പത്തിക വർഷത്തിൽ 3,742.60 കോടി രൂപയായിരുന്ന RHFL ൻ്റെ കോർപ്പറേറ്റ് വായ്‌പകള്‍ 2018-19 വർഷത്തിൽ 8,670.80 കോടി രൂപയായി വർധിച്ചു. ക്രമരഹിതവും വേഗത്തിലുള്ളതുമായ അംഗീകാരങ്ങൾ, സാമ്പത്തിക ഇടപാടുകളിലെ അപാകതകൾ തുടങ്ങി നിരവധി കാര്യങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വെളിപ്പെടുത്താത്ത സ്ഥാപനം വഴി വൻതുകകൾ RAAGA-യുടെ കമ്പനികൾക്ക് കൈമാറ്റം ചെയ്‌തതിന് റിലയൻസ്‌ ഇൻഫ്രയും അന്വേഷണം നേരിടുന്നുണ്ട്.

ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, റിലയൻസ് കമ്യൂണിക്കേഷൻസ് 14,000 കോടിയിലധികം വായ്‌പതട്ടിപ്പ് നടത്തിയിട്ടുണ്ട്. റിലയൻസ് കമ്യൂണിക്കേഷൻസ് കാനറ ബാങ്കിൽ നിന്ന് 1050 കോടിയിലധികം രൂപ തട്ടിയെടുത്തു. വെളിപ്പെടുത്താത്ത വിദേശബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും ആസ്‌തികളെക്കുറിച്ചും അന്വേഷിച്ചുവരുകയാണ്. കൂടുതൽ കാര്യങ്ങൾ വെളിപ്പെടാനുണ്ട്.

റിലയൻസ് മ്യൂച്വൽ ഫണ്ട് AT-1 ബോണ്ടുകളിൽ 2,850 കോടി രൂപ നിക്ഷേപിച്ചതായി പറയപ്പെടുന്നു. 10,000 കോടിയിലധികം രൂപ ബന്ധുവിന് കൈമാറ്റം ചെയ്‌തതുമായി ബന്ധപ്പെട്ട കേസിലെ റിപ്പോർട്ടുകൾ നേരത്തെ റിലയൻസിൻ്റെ പ്രസ്‌താവനയിൽ പറഞ്ഞിരുന്നു. കമ്പനിയുടെ പ്രസ്‌താവന പ്രകാരം ഏകദേശം 6,500 കോടി രൂപ മാത്രമാണ് വായ്‌പാതട്ടിപ്പ് നടത്തിയത്.വിരമിച്ച സുപ്രീംകോടതി ജഡ്‌ജി നടത്തിയ മധ്യസ്ഥ നടപടികളിലൂടെ ബോംബെ ഹൈക്കോടതിയിൽ ഫയൽ ചെയ്‌ത, റിലയൻസ് ഇൻഫ്രയുടെ 6,500 കോടി രൂപയുടെ മുഴുവൻ ബാധ്യതയും തിരിച്ചുപിടിക്കാൻ ഒത്തുതീർപ്പിലെത്തിയതായി പ്രസ്‌താവനയിൽ പറയുന്നു. എന്നാൽ 2022 മാർച്ച് വരെ റിലയൻസ്‌ ഇൻഫ്രാസ്‌ട്രക്‌ചറിൻ്റെ ബോർഡിൽ അനിൽ അംബാനി ഇല്ലായിരുന്നെന്നാണ് കമ്പനി പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *