തൂക്കിലേറ്റിയ മലയാളികളുടെ ബന്ധുക്കൾ യുഎഇ സന്ദർശിക്കാൻ ഒരുങ്ങുന്നു

അബുദാബി: കഴിഞ്ഞ ദിവസമായിരുന്നു യുഎഇ വധശിക്ഷ നടപ്പിലാക്കിയവരില്‍ രണ്ട് പേര്‍ മലയാളികളെന്ന വിവരം പുറത്തുവരുന്നത് . കൊലപാതക കേസിലാണ് ഇരുവര്‍ക്കും വധശിക്ഷി ലഭിച്ചത്. കണ്ണൂര്‍ തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് (29), കാസര്‍കോട് ചീമേനി സ്വദേശി മുരളീധരന്‍ (43) എന്നിവരെയാണ് യുഎഇ തൂക്കിലേറ്റിയത്. ഈ വിവരം വിദേശകാര്യ മന്ത്രാലയത്തെ യുഎഇ അധികൃതര്‍ അറിയിച്ചിരുന്നു, തുടര്‍ന്ന് വിദേശകാര്യമന്ത്രാലയം റിനാഷിന്‍റെയും മുരളീധരന്‍റെയും കുടുംബത്തെ അറിയിക്കുകയായിരുന്നു. വധശിക്ഷ നടപ്പിലാക്കിയ വിവരം ഫെബ്രുവരി 28ന് യുഎഇ ഇന്ത്യൻ എംബസിയെ അറിയിച്ചിരുന്നു.
തലശ്ശേരി സ്വദേശിയായ റിനാഷിന് വെറും 29 വയസ് പ്രായമാണ് ഉള്ളത്. യുവപ്രായത്തില്‍ തന്നെ റിനാഷിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്നു. യുഎഇ സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് 2023ല്‍ റിനാഷിന് തൂക്കുകയര്‍ വിധിച്ചത്. മൂന്നുവർഷം മുൻപാണ് ഏറെ പ്രതീക്ഷകളോടെ ജോലി തേടി റിനാഷ് ദുബായിൽ എത്തിയത്. ട്രാവല്‍ ഏജന്‍റായി ജോലി ചെയ്‌തുവരികയായിരുന്നു. ഇതിനിടെ 2023 ഫെബ്രുവരിയിലാണ് കൊലപാതകം നടന്നത്.
മാനസിക വിഭ്രാന്തിയുള്ള യുഎഇ പൗരനായ സിയാദ് റാഷിദിന്‍റെ ആക്രമണത്തില്‍ നിന്നും റിനാഷ് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് കൊലപാതകം നടന്നത്. യുഎ ഇ പൗരനുമായി റിനാഷിന് പരിചയമുണ്ടായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയും, ഇതിനിടെയുണ്ടായ പിടിവലിക്കിടെ റിനാഷിന്‍റെ കുത്തേറ്റ് യുഎഇ പൗരനായ സിയാദ് റാഷിദ് അൽ മൻസൂരി കൊല്ലപ്പെടുകയായിരുന്നു. ഇതിനുപിന്നാലെ കൊലപാതക്കേസില്‍ രണ്ടുവർഷമായി ദുബായ് അൽ ഐൻ മനാസിർ ജയിലിലായിരുന്നു റിനാഷിനെ കഴിഞ്ഞ ദിവസമാണ് തൂക്കിലേറ്റിലയത്.
എന്നാല്‍ തന്‍റെ മകൻ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളല്ലെന്നും മുമ്പ് ഒരുതരത്തിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും റിനാഷിന്‍റെ മാതാവ് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ മുഖ്യമന്ത്രിക്കും ഷാഫി പറമ്പിലിനും ഇന്ത്യൻ എംബസിക്കും നേരത്തെ നിവേദനം നല്‍കുകയും ചെയ്‌തിരുന്നു. ഇതിനിടെയാണ് റിനാഷിനെ തൂക്കിലേറ്റിയ വിവരം വിദേശകാര്യ മന്ത്രാലയം കുടുംബത്തെ അറിയിച്ചത്.
കാസര്‍ഗോഡ് സ്വദേശിയായ മുരളീധരനെയാണ് മറ്റൊരു കൊലപാതകക്കേസില്‍ യുഎഇ കഴിഞ്ഞ ദിവസം തൂക്കിലേറ്റിയത്. ഇന്ത്യൻ പൗരനെ കൊലപ്പെടുത്തിയ കേസിലാണ് 43 കാരനായ മുരളീധരന് 2009ല്‍ വധശിക്ഷയ്‌ക്ക് വിധിച്ചത്. മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ മൊയ്‌തീന്‍റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുരളീധരന് വധശിക്ഷ വിധിച്ചത്.
മൊയ്‌തീനെ കുറിച്ചു യാതൊരു വിവരവും ഇല്ലാത്തതിനെ തുടര്‍ന്ന് കുടുംബം പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ യുഇയിലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൊയ്‌തീന്‍റെ ഫോണ്‍ മുരളീധരൻ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. കൊല്ലപ്പെട്ട മൊയ്‌തീനെ മരുഭൂമിയില്‍ കുഴിച്ചിട്ടുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മുരളീധരനെ പിടികൂടുകയും വധശിക്ഷ വിധിക്കുകയും ചെയ്‌തത്.
ഇരുവരുടെയും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെന്നും എല്ലാ വിധ നിയമ സഹായവും ഒരുക്കിയിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനുള്ള സൗകര്യവും വിദേശകാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. അതേസമയം, മകനെ അവസാനമായി ഒരു നോക്കുകാണാൻ റിനാഷിന്‍റെ മാതാവും കുടുംബവും അബുദാബിയിലേക്ക് തിരിച്ചിട്ടുണ്ട്.