വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍
തിരുവനന്തപുരം : കെഎസ്ഇബിക്കു വില്‍ക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മിഷന്‍. യൂണിറ്റിന് 2.69 രൂപ ആയിരുന്നത് 3.15 രൂപയായാണ് വര്‍ധിപ്പിച്ചത്. ഇതോടെ പുരപ്പുറ സൗരോര്‍ജ ഉല്‍പാദകര്‍ക്ക് യൂണിറ്റിന് 46 പൈസ അധികം ലഭിക്കും. 2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ നല്‍കിയ വൈദ്യതിക്കാണു നിരക്ക് ബാധകമാക്കിയിരിക്കുന്നത്.
വൈദ്യുതി മിച്ചം വില്‍ക്കുന്ന (എക്‌സ്‌പോര്‍ട്ട്) ഉപഭോക്താവിനു യൂണിറ്റിന് 2 രൂപ 69 പൈസ മാത്രമാണു കെഎസ്ഇബി നല്‍കുന്നത്. അധിക ഉപയോഗത്തിന് ഉപഭോക്താവ് വാങ്ങുന്ന (ഇംപോര്‍ട്ട്) വൈദ്യുതിക്കു കെഎസ്ഇബി സ്ലാബ് അനുസരിച്ച് പണം ഈടാക്കുന്നുമുണ്ട്. തത്വത്തില്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സോളര്‍ വൈദ്യുതി കച്ചവടം കെഎസ്ഇബിക്കു ഒരു തരത്തിലും നഷ്ടമുണ്ടാക്കുന്നില്ല. 2.25 ലക്ഷം (3 കിലോവാട്ട്), 3.35 ലക്ഷം (5 കിലോവാട്ട്) മുതല്‍ക്കാണ് പാനലും ഇന്‍വര്‍ട്ടറും ഇന്‍സ്റ്റലേഷനും അടക്കം സോളര്‍ പ്ലാന്റുകള്‍ക്കു ശരാശരി ചെലവു വരുന്നത്. ഇതില്‍ 78,000 രൂപ വരെ സബ്‌സിഡി ഉണ്ട്. കെഎസ്ഇബി കണക്ഷന്‍ നല്‍കി മീറ്റര്‍ ഘടിപ്പിച്ചാല്‍ മാത്രമേ ഈ തുക ഉപഭോക്താവിന്റെ അക്കൗണ്ടിലെത്തൂ.
ആവശ്യക്കാര്‍ കൂടുതലുള്ള 5 കിലോവാട്ട് പ്ലാന്റില്‍ ചൂടുകാലത്തു പ്രതിദിനം 20 യൂണിറ്റു വരെ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകുമെന്നാണ് കണക്ക്. ഒരു വീട്ടില്‍ ഒന്നര ടണ്ണിന്റെ എസി അടക്കം 12, 13 യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചാല്‍ തന്നെ 7,8 യൂണിറ്റ് മിച്ചം പിടിക്കാന്‍ കഴിയുമെന്നാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.