MBBS പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതല്‍

ജയ്‌പൂർ: MBBS പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ കൗണ്‍സിലിങ് രജിസ്‌ട്രേഷനായി അപേക്ഷിക്കാം. രാജ്യത്താകെ 775 മെഡിക്കല്‍ കോളജുകളിലേക്കുള്ള അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള രജിസ്‌ട്രേഷനാണ് ആരംഭിച്ചത്. ഈ വർഷം എംബിബിഎസ് പ്രവേശനത്തിനുള്ള കേന്ദ്ര കൗണ്‍സിലിങിൽ പങ്കെടുക്കുന്ന മെഡിക്കൽ കോളജുകളുടെ വിവരങ്ങൾ മെഡിക്കൽ കൗണ്‍സിലിംങ് കമ്മിറ്റി ( എംസിസി ) പുറത്തുവിട്ടിരുന്നു. രാജ്യത്തെ എയിംസ് സ്ഥാപനങ്ങളിലെ 2,182 സീറ്റുകൾ ഉൾപ്പെടെ ആകെ 1,15,900 സീറ്റുകൾക്കാണ് അവസരം.
ഇതിൻ്റെ ഭാഗമായി 15 ശതമാനം അഖിലേന്ത്യാ ക്വാട്ടയ്ക്ക് കീഴിലുള്ള എംബിബിഎസ്/ബിഡിഎസ് കൗൺസിലിങ് ഓണ്‍ലൈൻ രജിസ്‌ട്രേഷനാണ് ഇന്ന് ആരംഭിച്ചത്. ചോയ്‌സ് -ഫില്ലിംങ് ജൂലൈ 22- നും ആരംഭിക്കും.എംസിസി ഇതുവരെ കൗണ്‍സിലിങ് വിശദാംശങ്ങൾ പൂർണമായും പുറത്തുവിട്ടിട്ടില്ല എന്ന് വിദ്യാഭ്യാസ വിദഗ്‌ധൻ ദേവ് ശർമ്മ അറിയിച്ചു. നിലവിൽ പങ്കെടുക്കുന്ന മെഡിക്കൽ കോളജുകളുടെ പട്ടികയാണ് പുറത്തിറക്കിയിരിക്കുന്നത്. സ്ഥാപനങ്ങളുടെ എണ്ണം, സീറ്റ് ലഭ്യത, സർക്കാർ കോളജോ, സ്വകാര്യ കോളജോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളുമാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രാവശ്യം 12.3 ലക്ഷം പേരാണ് എംബിബിഎസ് പ്രവേശനത്തിനുള്ള യോഗ്യത നേടിയത്.
രാജ്യമൊട്ടാകെ ഓരോ സീറ്റിന് പത്ത് വിദ്യാർഥികള്‍ മത്സരിക്കേണ്ടി വരുമെന്നാണ് കണക്കുകള്‍. സ്വകാര്യ കോളജുകളിൽ ഫീസ് വളരെ കൂടുതലായതിനാൽ സര്‍ക്കാര്‍ കോളജുകളാണ് വിദ്യാര്‍ഥികള്‍ ലക്ഷ്യം വയ്‌ക്കുന്നത്. ഇതിൻ്റെ ഭാഗമായി കടുത്ത മത്സരത്തിൽ മുൻനിരയിൽ നിൽക്കുന്നത് ബിഹാറാണ്. പിന്നാലെ ഹരിയാനയും കേരളവും.
ഇത്തവണ 70000 പേരാണ് കേരളത്തില്‍ നിന്നും നീറ്റ് യുജിക്ക് യോഗ്യത നേടിയത്. എന്നാല്‍ 1755 സർക്കാർ സീറ്റുകൾ മാത്രമാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമായിട്ടുള്ളത്. അതായത്, കേരളത്തിൽ ഒരു സീറ്റിനുവേണ്ടി 42 പേരാണ് മത്സരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലും സീറ്റിനുവേണ്ടിയുള്ള മത്സരങ്ങൾ സമാനമാണ് എന്ന് ദേവ് ശർമ്മ പറയുന്നു.