ഇന്ത്യയിലേക്ക് അഭയാർഥി പ്രവാഹം;ബംഗ്ലദേശ് കലാപത്തിൽ 560 കൊല്ലപ്പെട്ടത്

0

ധാക്ക : ബംഗ്ലദേശിൽ ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ചതിനു പിന്നാലെയുണ്ടായ അക്രമങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടത് 232 പേരെന്ന് റിപ്പോർട്ട്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിതെന്ന് ബംഗ്ലദേശ് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂലൈ 16 മുതൽ ഓഗസ്റ്റ് 4 വരെ നടന്ന സംവരണ വിരുദ്ധ വിദ്യാർഥി പ്രക്ഷോഭത്തിൽ മരിച്ചത് 328 പേരാണ്. ഇതോടെ കഴിഞ്ഞ 23 ദിവസത്തിനിടെ ബംഗ്ലദേശ് കലാപത്തിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 560 ആയി.

ചൊവ്വാഴ്ച കാഷിംപുർ അതിസുരക്ഷാ ജയിലിൽനിന്നു തടവുകാർ രക്ഷപ്പെടുന്നതിനിടെയുണ്ടായ സംഘർഷത്തിൽ ആറു പേർ കൊല്ലപ്പെട്ടിരുന്നു. അതിനിടെ, ഷെയ്ഖ് ഹസീനയുടെ പലായനത്തിനുശേഷം ബംഗ്ലദേശിൽ ഹിന്ദുക്കൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കുനേരെ ആക്രമണം തുടരുകയാണ്. ഹിന്ദുക്കൾക്കുനേരെ നടക്കുന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് ബംഗ്ലദേശ് ഹിന്ദു ജാഗരൺ മാഞ്ചയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച പ്രതിഷേധറാലി നടത്തി.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ന്യൂനപക്ഷ മന്ത്രാലയം സ്ഥാപിക്കുക. ന്യൂനപക്ഷ സംരക്ഷണ കമ്മിഷൻ രൂപീകരിക്കുക. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ തടയുന്നതിനു കർശന നിയമങ്ങൾ കൊണ്ടുവരിക, പാർലമെന്റിൽ ന്യൂനപക്ഷങ്ങൾക്ക് 10% സംവരണം നൽകുക എന്നീ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.

ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലദേശിൽനിന്ന് ആയിരക്കണക്കിന് അഭയാർഥികൾ ഇന്ത്യയിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതോടെ ഇന്ത്യൻ അതിർത്തിയിൽ കനത്ത ജാഗ്രത പാലിക്കുന്നുണ്ട്. അതിർത്തിയിലെ സ്ഥിതി വിലയിരുത്താനും ബംഗ്ലദേശിലെ ഇന്ത്യക്കാരുടെയും ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം അഞ്ചംഗ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി ബംഗ്ലദേശിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു നടപടികൾ സ്വീകരിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *