ചെങ്കടൽ ‘തിളയ്ക്കുന്നു’; കൊച്ചിയെ കൈവിട്ട് ക്രൂയിസ് കപ്പലുകൾ, നഷ്ടം ആലപ്പുഴയ്ക്കും കോട്ടയത്തിനും ഇടുക്കിക്കും
ആഫ്രിക്കയ്ക്കും മിഡിൽ ഈസ്റ്റിനും മധ്യേയുള്ള ചെങ്കടൽ വഴിയുള്ള (Red Sea) യാത്ര ദുഷ്കരമായതോടെ ആഡംബര നൗകകൾ (ക്രൂയിസ് കപ്പലുകൾ) കൊച്ചിയെ കൈവിടുന്നു. കടൽക്കൊള്ളക്കാരുടെയും ഹൂതി വിമതരുടെയും ആക്രമണമാണ് തിരിച്ചടി. ഇറാനും ഇസ്രയേലും തമ്മിലെ സംഘർഷം മേഖലയെയാകെ ആശങ്കയിലാഴ്ത്തിയതും വലയ്ക്കുന്നു. ചെങ്കടൽ ഒഴിവാക്കി ദക്ഷിണാഫ്രിക്കൻ തീരം വഴി ഇന്ത്യയിലെത്തുന്നത് ചെലവേറിയതും കാലതാമസമെടുക്കുന്നതുമാണെന്നതും കപ്പലുകളെ ഇന്ത്യയെ കൈവിടാൻ പ്രേരിപ്പിക്കുന്നു.
ദക്ഷിണേന്ത്യയുടെ ആഡംബര കപ്പൽടൂറിസം ഹബ്ബായി വളരുന്ന കൊച്ചിക്കാണ് ഇത് കൂടുതൽ തിരിച്ചടി. കൊച്ചി തുറമുഖത്തേക്കുള്ള യാത്ര നിരവധി കപ്പലുകൾ റദ്ദാക്കിക്കഴിഞ്ഞു. നടപ്പു സാമ്പത്തിക വർഷം (2024–25) ആകെ 33 ആഡംബര കപ്പലുകൾ കൊച്ചിയിലെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. ഇതിൽ 19 എണ്ണം വിദേശ കപ്പലുകൾ. ഇതിൽ പത്തിലേറെ കപ്പലുകൾ കൊച്ചിയിലേക്കുള്ള യാത്ര റദ്ദാക്കി. നടപ്പുവർഷം ആദ്യപകുതിയിൽ (ഏപ്രിൽ-സെപ്റ്റംബറിൽ) എട്ട് വിദേശ കപ്പലുകൾ ഉൾപ്പെടെ 14 കപ്പലുകൾ കൊച്ചിയിൽ വന്നിരുന്നു. സെപ്റ്റംബറിൽ ആരംഭിച്ച് അടുത്തവർഷം മേയ് വരെ നീളുന്ന സീസണിലെത്തേണ്ട കപ്പലുകളിൽ നല്ലൊരു പങ്കാണ് യാത്ര വേണ്ടന്നുവച്ചത്.
പ്രതീക്ഷകൾ തകിടംമറിച്ച് ചെങ്കടൽ
2022–23ൽ 16 വിദേശ കപ്പലുകൾ ഉൾപ്പെടെ മൊത്തം 31 ആഡംബര കപ്പലുകളാണ് കൊച്ചിയിലെത്തിയത്. 2023–24ൽ ഇത് 42 ആയി ഉയർന്നു; 25 എണ്ണം വിദേശ കപ്പലുകളായിരുന്നു. കഴിഞ്ഞവർഷത്തെ കണക്കുകളെ ഈ വർഷം മറികടക്കാമെന്നായിരുന്നു കൊച്ചി തുറമുഖ അതോറിറ്റിയുടെ പ്രതീക്ഷ. ഇതാണ് ചെങ്കടൽ പ്രതി സന്ധിയിൽ പൊലിയുന്നത്. കോവിഡിന് മുമ്പ് 2017–18ൽ 42 ആഡംബര കപ്പലുകളും 50,000 ഓളം സഞ്ചാരികളും കൊച്ചി സന്ദർശിച്ചിരുന്നു. കോവിഡ് കാലത്ത് കപ്പലുകളൊന്നും വന്നില്ല. 2021–22ൽ 9 കപ്പലുകളെത്തി. 2022–23ലാണ് വീണ്ടും ആഡംബര ക്രൂയിസ് ടൂറിസം ഉഷാറായത്. 2022–23ൽ എത്തിയ സഞ്ചാരികൾ 36,400 പേരായിരുന്നു.
സമീപ ജില്ലകൾക്കും തിരിച്ചടി
രാജ്യാന്തര ക്രൂയിസ് കപ്പലുകൾ കൊച്ചിയിലെത്തുന്നത് എറണാകുളത്തിന് പുറമേ സമീപ ജില്ലകളായ ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവയ്ക്കും നേട്ടമാണ്. ഓരോ കപ്പലിലും ശരാശരി 1,500 സഞ്ചാരികളുണ്ടാകും. 500ഓളം ജീവനക്കാരും. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, കൊച്ചി നഗരം, കുമ്പളങ്ങി തുടങ്ങിയ സന്ദർശിക്കുന്ന ഇവർ പ്രാദേശിക കച്ചവടക്കാരിൽ നിന്ന് കരകൗശല വസ്തുക്കൾ ഉൾപ്പെടെ വാങ്ങാറുണ്ട്. യാത്രകൾ ലഭിക്കുമെന്നതിനാൽ ടാക്സി, ഓട്ടോ ഡ്രൈവർമാർക്കും സഞ്ചാരികളുടെ വരവ് നേട്ടമാണ്.
ആലപ്പുഴ, കുമരകം, തേക്കടി, മൂന്നാർ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിച്ചാണ് സന്ദർശകർ മടങ്ങുക. ഓരോ സഞ്ചാരിയും 150 ഡോളർ (12,000 രൂപ) മുതൽ 500 ഡോളർ (40,000 രൂപ) വരെ ഷോപ്പിങ്ങിനായി ചെലവിടുന്നുണ്ടെന്നാണ് കണക്ക്. ഓരോ ക്രൂസ് കപ്പലും കൊച്ചിയിലെത്തുമ്പോൾ കൊച്ചി തുറമുഖത്തിന് ഫീസ് ഇനത്തിൽ 10 ലക്ഷത്തോളം രൂപയും ലഭിക്കും. കപ്പലുകളുടെ വരവ് കുറയുന്നതിനാൽ ഈ വരുമാനവുമാണ് നഷ്ടമാകുന്നത്.