“അവനവൻ്റെ കഴിവുകൾ തിരിച്ചറിഞ് ആകാശം കീഴടക്കുക …” -മായാദത്ത്

- നിരവധി ശാസനകളുടെ ഒരു കാലമുണ്ടായിരുന്നു..സ്ത്രീകൾക്ക് പരിധി നിശ്ചയിക്കപ്പെട്ട കാലം !
- “നീ വീട്ടിനുള്ളിൽ അടങ്ങിയിരിക്കേണ്ടവളാണ്, നീ അമ്മയാണ്, ഭാര്യയാണ്, സഹോദരിയാണ്, നീ മറ്റൊരു വീട്ടിലേക്ക് പോകേണ്ടവളാണ്, അടുക്കള നിനക്കുള്ളതാണ്, ആണുങ്ങൾ കഴിച്ച് കഴിഞ്ഞതിന് ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രം നീ കഴിച്ചാ മതി, ഭർത്താവിന്റെ ബാക്കി വരുന്ന ഭക്ഷണങ്ങൾ കഴിച്ച് വേണം നീ വിശപ്പടക്കാൻ, ഉച്ചത്തിൽ സംസാരിക്കരുത്, അന്യപുരുഷന്മാരുമായി സംസാരിക്കരുത്, പൊട്ടിച്ചിരിക്കരുത്, ആളുകൾക്കിടയിൽ അഭിപ്രായം പറയരുത്..”
അങ്ങനെ പലതും .സ്ത്രീ സമൂഹം ഇന്നും ഇതിൽ നിന്നും മുക്തമായിട്ടില്ലാ എന്ന വർത്തമാനകാല സംഭവങ്ങൾ വെളിപ്പെടുത്തുന്നുണ്ട് .എങ്കിലും ഇത്തരത്തിലുള്ള വാക്കുകൾ കേട്ട് സ്ത്രീകൾ വീടിനുള്ളിൽ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു കാലം മാറിവരുന്നുണ്ട്. എല്ലാ മേഖലകളിലുമുള്ള സ്ത്രീകളുടെ തിളക്കത്തിൽ യാഥാസ്ഥിതികത്വത്തിന് മങ്ങലേറ്റിരിക്കുന്നു! - മാർച്ച് 8 വനിതാ ദിനം. സ്ത്രീ ശാക്തീകരണത്തിന് വേണ്ടിയുള്ള ദിനം. ലോകമെങ്ങും മാർച്ച് 8 വനിതാ ദിനമായി ആചരിക്കുകയാണ്.
1857 മാര്‍ച്ച് 8ന് ന്യൂയോര്‍ക്കില്‍ വനിതകള്‍ നടത്തിയ അവകാശങ്ങള്‍ക്ക് വേണ്ടിയുളള പ്രക്ഷോഭത്തിന്റെ ചുവട് പിടിച്ചാണ് മാർച്ച് 8 ലോക വനിതാ ദിനമായി ആചരിക്കാൻ തുടങ്ങിയത്. കുറഞ്ഞ വേതനത്തിനെതിരെയും ദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സ്ത്രീകൾ നടത്തിയ ആദ്യ ചെറുത്ത് നിൽപ്പായിരുന്നു ഇത് എന്ന് വേണമെങ്കിൽ പറയാം.
1910ൽ ഡെന്മാർക്കിലെ കോപ്പൻ ഹേഗനിൽ നടന്ന അന്താരാഷ്ട്ര സ്ത്രീ തൊഴിലാളി കോൺഗ്രസിൽ വെച്ച് ക്ലാരാ സെറ്റ്കിൻ എന്ന ജർമ്മൻ മാർക്സിസ്റ്റ് തത്വചിന്തകയാണ് വനിതാ ദിനം എന്ന ഒരു ആശയം മുമ്പോട്ട് വെച്ചത്. 1911ലാണ് ആദ്യമായി ലോക വനിതാ ദിനം ആഘോഷിച്ചത്. ആസ്ട്രിയയിലും ഡെന്മാർക്കിലും ജർമനിയിലും സ്വിറ്റ്സർലൻഡിലും ആയിരുന്നു ഇത്. എന്നാൽ 1975ലാണ് ഐക്യരാഷ്ട്രസഭ ലോകവനിതാ ദിനത്തെ അംഗീകരിക്കുന്നത്.
ഇന്ന് സഹ്യ ന്യുസിൽ മുംബൈയിലെ ചില എഴുത്തുകാരികളുടെയും കലാകാരികളുടേയും വനിതാദിന പ്രതികരണങ്ങൾ വായിക്കാം. - എല്ലാ ‘സഹ്യ ന്യുസി’ൻ്റെ വായനക്കാർക്കും ലോക വനിതാദിന ആശംസകൾ ..
നിഷ എം നായർ ,
സബ് എഡിറ്റർ ,
സഹ്യ ന്യുസ്
“അവനവൻ്റെ കഴിവുകൾ തിരിച്ചറിഞ് ആകാശം കീഴടക്കുക …” -മായാദത്ത്
ലോകത്തിലെ ഏറ്റവും ദീർഘമായ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീസമത്വത്തിന്റെ ആവശ്യകത എടുത്തുപറയുന്നുണ്ട്. ഭരണഘടനയിലെ 243-ാം അനുഛേദം സ്ത്രീകളുടെ അവകാശങ്ങൾ തദ്ദേശഭരണസമിതികളിൽ സ്ത്രീസമത്വം ഉറപ്പാക്കാനുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരായി നടക്കുന്ന സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും ശാരീരികവും രാഷ്ട്രീയവുമായ വിവേചനം ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയും കൂടിയാണ് ഭരണഘടനയിൽ ഇത് വിഭാവനം ചെയ്തിരിക്കുന്നത്. അതുകൂടാതെ, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള അശ്ളീല പുസ്തകങ്ങൾ വിൽക്കുന്നതും, അശ്ലീല ഗാനങ്ങൾ പാടുന്നതും ഇന്ത്യൻ പീനൽ കോഡ് പ്രകാരം രണ്ടു വർഷം മുതൽ അഞ്ചുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ്.
സ്ത്രീഭ്രൂണഹത്യയ്‌ക്കെതിരെയും വകുപ്പുകളുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ 354-ാം വകുപ്പ് സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നവർക്കെതിരെ നിയമസഹായം തേടാൻ സ്ത്രീകളെ സഹായിക്കുന്നതിനായി ഉണ്ടാക്കിയിരിക്കുന്നതാണ്. സ്ത്രീകളെ അവളുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനെതിരെ മാത്രമല്ല, വിവാഹ വിവരം മറച്ച് വെച്ച് വീണ്ടും വിവാഹം ചെയ്യുന്നതിനും തട്ടിപ്പ് നടത്തി വിവാഹം കഴിക്കുന്നതിനും പീഢനതീനിരയാകുന്ന സ്ത്രീയുടെ പേര്, മേൽവിലാസം എന്നിവ വെളിപ്പെടുത്തുന്നതിനും എതിരെപോലും നിയമസംരക്ഷണം ലഭിക്കുംവിധമാണ് വകുപ്പുകൾ ഉണ്ടാക്കിയിരിക്കുന്നത്.
എന്നിട്ടും ഓരോ 10 മിനുട്ടിലും ഒരു സ്ത്രീ കൊല്ലപ്പെടുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. എത്രയോ സ്ത്രീകൾ ഒന്ന് പ്രതികരിക്കുവാൻ പോലും സാധിക്കാതെയും പ്രതികരിക്കുവാനുള്ള അവകാശമുണ്ടെന്നതറിയാതെയും പീഢനത്തിനിരയാകുന്നു. സ്ത്രീ പീഢനത്തിന്റെ കാര്യത്തിൽ ഇന്ത്യ തന്റെ അയൽ രാജ്യങ്ങളായ പാക്കിസ്താന്റെയും അഫ്ഗാനിസ്താന്റെയും ഒക്കെ ഒപ്പമാണെന്നോർക്കുമ്പോൾ, ഒരു കാലത്ത് സ്ത്രീകൾക്ക് ഏറ്റവും കൂടുതൽ ബഹുമാനവും സ്ഥാനവും നല്കപ്പെട്ടിരുന്ന ഭാരതത്തിന്റെ അവസ്ഥ ഇത്രയും തരം താഴ്‌ന്നു പോയതിൽ ലജ്ജിക്കാതെന്തു ചെയ്യും? ഇത് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളുടെ മാത്രം ശാപമല്ല. വികസിത രാജ്യങ്ങളിലും സ്ഥിതി മറ്റൊന്നല്ല. വിദ്യാഭ്യാസ നിലവാരം ഉയർന്നതുകൊണ്ടോ, ജീവിത സാഹചര്യം മെച്ചപ്പെട്ടതുകൊണ്ടോ ഈ സ്ഥിതിയ്ക്ക് മാറ്റം വരില്ല. അതിനു മാറ്റേണ്ടത് സമൂഹത്തിൻ്റെ ചിന്താഗതിയാണ് – സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്നും അവളെന്നും പുരുഷന്റെ സംരക്ഷണത്തിൽ മാത്രം ജീവിക്കേണ്ടവളാണെന്നുമുള്ള ചിന്തയാണ് മാറ്റേണ്ടത്;
അസമയത്ത് ആളൊഴിഞ്ഞയൊരിടത്ത് ഒറ്റയ്ക്കൊരു സ്ത്രീയെക്കണ്ടാൽ അത് അവസരമെന്നുള്ള ആൺചിന്തയാണ് മാറ്റേണ്ടത്; പെൺകുട്ടികളെ വില്പനച്ചരക്കാക്കുന്ന ചിന്താഗതിയാണ് മാറ്റേണ്ടത്; ഭീമമായ സ്ത്രീധനം കൊടുത്തു പുരുഷനെ വിലയ്ക്കു വാങ്ങിക്കഴിഞ്ഞും ഭർത്തൃവീട്ടിലെ അടിമയായി അപമാനം സഹിക്കേണ്ടി വരുന്ന അവസ്ഥയാണ് മാറേണ്ടത്; കൊച്ചുകുട്ടിയായിരിക്കുമ്പോഴേ ആൺ-പെൺ കുട്ടികളിൽ കാണിക്കുന്ന വേർതിരിവാണ് മാറ്റേണ്ടത്. പെൺകുട്ടികൾക്ക് സ്വന്തം സ്വത്വം തിരിച്ചറിയാൻ സാധിക്കാത്ത വിധം അടിച്ചമർത്തുന്ന അവസ്ഥയും കൂടിയാണ് മാറേണ്ടത്.
ഇന്ന് സ്ത്രീകൾ എത്തിപ്പെടാത്ത മേഖലകളില്ല. റിക്ഷാ ഡ്രൈവിംഗ് മുതൽ ശൂന്യാകാശയാത്രവരെ അഭിമാനകരമായ രീതിയിൽ അതിഗംഭീരമായിത്തന്നെ വനിതകൾ വിജയകരമാക്കുന്നു. മാസങ്ങളോളം ശൂന്യാകാശത്ത് പെട്ടുപോയിട്ടും ആ അനശ്ചിതാവസ്ഥ കൂടി ആഹ്ലാദകരമായി ആസ്വദിക്കുകയും സ്വന്തം കർത്തവ്യം യാതൊരു ഉപേക്ഷയും കൂടാതെ ചെയ്യുകയും ചെയ്യുന്ന സുനിതാ വില്യംസിനെ ഈ അവസരത്തിൽ ഓർത്തു പോകുന്നു.
ഓരോ വർഷവും മാർച്ച് എട്ട് വനിതാ ദിനമായി ലോകമെങ്ങും കൊണ്ടാടുന്നു. ഈ ഒരു ദിവസത്തിൽ മാത്രം സ്ത്രീ സ്വാതന്ത്ര്യവും തുല്യതയും മാധ്യമങ്ങളും മറ്റും കൊട്ടിഘോഷിക്കുന്നു! സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി ഇതാണോ ശരിക്കും വേണ്ടത്?
അവൾക്കും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും അഭിമാനവും ഉണ്ടെന്നും അവളുടെ ശരീരത്തിനുള്ള വേദന പുരുഷൻ്റെ ശരീരത്തിനുള്ളതുപോലെത്തന്നെയാണെന്നും മനസ്സിലാക്കാത്തിടത്തോളം കാലം ഈ വനിതാ ദിനാഘോഷങ്ങൾ നടത്തിയിട്ടെന്തു കാര്യം?
മറ്റാരേക്കാളും പിന്നിലല്ല താനെന്നും, ഈ ലോകത്ത് പുരുഷനൊപ്പം തന്നെ മുന്നേറാനുള്ള കഴിവ് തനിക്കുണ്ടെന്നും സ്വന്തം താത്പര്യങ്ങളും, കഴിവുകളും ഉള്ളിൽത്തന്നെ ഒതുക്കി വെച്ച് അടുക്കളയുടെ അകത്തളത്തിൽ അടച്ചിടപ്പെടേണ്ടതല്ല സ്വന്തം ജീവിതമെന്നും സ്ത്രീ മനസ്സിലാക്കാത്തിടത്തോളം കാലം ഏതു നിയമ സംരക്ഷണവും വിഫലമാകും, ആഘോഷങ്ങൾ നിറം കെട്ടതാകും.
അവനവൻ്റെ കഴിവുകൾ തിരിച്ചറിഞ്ഞ് ആ മേഖലയിൽ മുന്നേറാൻ പെൺകുട്ടികളെ പ്രാപ്തരാക്കാത്തിടത്തോളം രക്ഷിതാക്കളും അമ്പേ പരാജിതരാകുന്നു.
എല്ലാ ദിനവും മാനവരാശിയുടെ ദിനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
(കണ്ണൂരിലെ തളിപ്പറമ്പാണ് മായാദത്തിൻ്റെ സ്വദേശം. 26 വർഷങ്ങളായി മുംബൈയിലെ ഭാഭാ ആറ്റോമിക് റിസേർച്ച് സെൻ്റർ (BARC) ൽ ജോലി ചെയ്യുന്നു. താമസം BARC റസിഡൻഷ്യൽ കോളനിയായ അണുശക്തിനഗറിൽ.
ചെറുകഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു . “മഞ്ഞുപാടത്തിലെ വില്ലോമരങ്ങൾ” പ്രഥമ ചെറുകഥാ സമാഹാരമാണ്. വിവിധ കവിതാ- കഥ ആന്തോളജികളിൽ പങ്കാളിയായിട്ടുണ്ട്. “കവിയരങ്ങ്” എന്ന പേരിലൊരു കവിതാ ആന്തോളജിയുടെ എഡിറ്റിംഗ് നിർവ്വഹിച്ചിട്ടുണ്ട്. മാഗസിനുകളിലും ഓൺലൈൻ മീഡിയകളിലും ചെറുകഥകളും കവിതകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടാമത്തെ പുസ്തകമായ ‘കാവ ചായയും അരിമണികളും’ എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം ഇന്ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വെച്ച് പ്രമുഖ കഥാകൃത്ത് വിനു എബ്രാഹം നിർവ്വഹിക്കും .
അച്ഛൻ, പരേതനായ പുല്ലാഞ്ഞി ശേഖരൻ നായർ, ഭരതനാട്യം മാസ്റ്റർ, കവി, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു. അമ്മ ലക്ഷ്മിദേവിയമ്മ. വീട്ടമ്മയാണ്. ഏകമകൾ സൗപർണിക ഉപരിപഠനാർത്ഥം വിദേശത്താണ്. )