രൂപയുടെ മൂല്യത്തിൽ റെക്കോർഡ് താഴ്ച; ഡോളറിനെതിരെ 84 ലേക്ക് വീണു, ചരിത്രത്തിൽ ആദ്യം

0

ഇന്ത്യൻ രൂപയുടെ മൂല്യം ഡോളറിനെതിരെ സർവകാല റെക്കോർഡ് താഴ്ചയിൽ. ചരിത്രത്തിലാദ്യമായി മൂല്യം 84ലേക്ക് ഇടിഞ്ഞു. ഒരു ഡോളറിന് 84.13 എന്ന നിലയിലാണ് ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ 12ന് കുറിച്ച 83.98 എന്ന റെക്കോർഡ് ഇനി പഴങ്കഥ.ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം വൻതോതിൽ പിൻവലിക്കപ്പെടുന്നതാണ് രൂപയ്ക്ക് മുഖ്യ തിരിച്ചടി. ഈ മാസം ഇതുവരെ 54,000 കോടി രൂപ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഇന്ത്യൻ ഓഹരികളിൽനിന്ന് പിൻവലിച്ചു.

ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം വിദേശ നിക്ഷേപകർ ചൈനയിലേക്ക് ചുവടുമാറ്റിത്തുടങ്ങിയതാണ് പ്രധാന പ്രതിസന്ധി. ആഭ്യന്തര സമ്പദ്‍വ്യവസ്ഥയുടെ കരകയറ്റത്തിനായി ചൈനീസ് ഭരണകൂടം അടുത്തിടെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. കൂടുതൽ ഉത്തേജനം വൈകാതെ പ്രഖ്യാപിച്ചേക്കുമെന്നത് ചൈനീസ് ഓഹരികളെ ഉയരങ്ങളിലേക്കു നയിക്കുന്നു. ഇതാണ് ഇന്ത്യയെ കൈവിടാൻ വിദേശ നിക്ഷേപകരെ പ്രേരിപ്പിക്കുന്നതും.

റിസർവ് ബാങ്ക് നടപടിയും ഡോളറിന്റെ നേട്ടവും

കരുതൽ വിദേശനാണ്യ ശേഖരത്തിൽനിന്ന് വൻതോതിൽ ഡോളർ വിറ്റഴിച്ച് രൂപയുടെ മൂല്യത്തകർച്ച തടയാൻ കഴിഞ്ഞ മാസങ്ങളിൽ റിസർവ് ബാങ്ക് നടപടികളെടുത്തിരുന്നു. അല്ലായിരുന്നെങ്കിൽ, കഴിഞ്ഞയാഴ്ചകളിൽത്തന്നെ രൂപ 84 ലേക്ക് ഇടിയുമായിരുന്നു. ഇപ്പോഴും റിസർവ് ബാങ്കിന്റെ ഇടപെടലുകളാണ് രൂപയെ വൻ വീഴ്ചയിൽനിന്നു പിടിച്ചുനിർത്തുന്നത്.വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഉടൻ ഇനി പലിശനിരക്ക് വലിയ തോതിൽ കുറയ്ക്കില്ലെന്ന സൂചനകളുടെ കരുത്തിൽ ഡോളർ ഉണർവിലായതും രൂപയ്ക്കുമേൽ സമ്മർദമാകുമെന്നാണ് വിലയിരുത്തലുകൾ. ക്രൂഡ് ഓയിൽ വില ഒരിടവേളയ്ക്കു ശേഷം ബാരലിന് 8385 ഡോളർ നിരക്കിലേക്ക് ഉയർന്നതും തിരിച്ചടിയാണ്. ഡോളറിലാണ് രാജ്യാന്തര ക്രൂഡ് ഓയിൽ വ്യാപാരം. മൂല്യം വർധിച്ചതിനാൽ എണ്ണ വാങ്ങാൻ കൂടുതൽ ഡോളർ വേണം. ഡിമാൻഡ് കൂടുന്നത് ഡോളറിനെ കൂടുതൽ ശക്തമാക്കും; രൂപയ്ക്ക് ഇത് തിരിച്ചടിയുമാകും.

നേട്ടവും കോട്ടവും

രൂപയുടെ മൂല്യത്തകർച്ച ഇന്ത്യക്ക് വൻ തിരിച്ചടിയാണ്. കയറ്റുമതിയേക്കാൾ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിന്റെ 8590% ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യക്ക് ക്രൂഡ് വിലവർധനയും ഡോളറിന്റെ കുതിപ്പും സാമ്പത്തികമായി പ്രതിസന്ധിയാകും. ഇറക്കുമതിച്ചെലവ് കൂടുന്നത് ആഭ്യന്തര ഇന്ധനവിലകളും അവശ്യവസ്തു വിലകളും പണപ്പെരുപ്പവും കൂടാനിടയാക്കും. സ്വർണം, ഇലക്ട്രോണിക്സ് തുടങ്ങിയ ഇറക്കുമതി ഉൽപന്നങ്ങൾക്കെല്ലാം വില ഉയരും. വ്യാപാരക്കമ്മി, കറന്റ് അക്കൗണ്ട് കമ്മി എന്നിവയും വർധിക്കും.

അതേസമയം, കയറ്റുമതിയിലൂടെ വരുമാനം നേടുന്നവർക്ക് ഡോളർ കരുത്താർജിക്കുന്നതാണ് നേട്ടം. യുഎസിലും ഗൾഫ് നാടുകളിലും ജോലി ചെയ്യുന്ന പ്രവാസി ഇന്ത്യക്കാർക്കും രൂപയുടെ തകർച്ച നേട്ടമാണ്. ഇന്ത്യയിലേക്ക് കൂടുതൽ പ്രവാസിപ്പണമൊഴുകാൻ ഇത് സഹായിക്കും. ഉദാഹരണത്തിന്, കഴിഞ്ഞ മാസം ഒരു ഡോളർ ഇന്ത്യയിലേക്ക് അയച്ചാൽ 83 രൂപയാണ് കിട്ടിയതെങ്കിൽ ഇപ്പോൾ 84.1 രൂപ കിട്ടും. വിദേശത്ത് പഠിക്കുന്നവർക്കും വിദേശയാത്ര നടത്തുന്നവർക്കും രൂപയുടെ മൂല്യയിടിവ് തിരിച്ചടിയാണ്. ഡോളറിനുവേണ്ടി കൂടുതൽ രൂപ ചെലവിടേണ്ടി വരുമെന്നതാണ് കാരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *