ചർച്ചയ്ക്ക് തയ്യാർ :യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതംചെയ്ത് ഓർത്തഡോക്സ് സഭ

0

കോട്ടയം :യാക്കോബായ സഭയുടെ ചർച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ.  നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് പ്രസ്താവനയിൽ പറഞ്ഞു. മലങ്കര സഭയിലെ തർക്കങ്ങളെല്ലാം തുടങ്ങിവച്ചത് യാക്കോബായ സഭയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഒപ്പം രണ്ട് സഭകളായി തുടരാനാണ് ശ്രമമെങ്കിൽ കൈവശം വെച്ച പള്ളികൾ തിരികെ നൽകണമെന്ന നിബന്ധനയും അദ്ദേഹം മുന്നോട്ട് വച്ചു.

സമാധാന ചർച്ചയെന്ന ആവശ്യം കാലങ്ങളായി ഓർത്തഡോക്സ് സഭ ആവശ്യപ്പെടുന്നതാണ്. യാക്കോബായ സഭ പറയുന്നത് ആത്മാർത്ഥതയോടെയാണെങ്കിൽ മലങ്കര സഭയിൽ സമാധാനം ഉണ്ടാകും. കേസുകൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെടുന്നവരാണ് കേസുകൾക്ക് തുടക്കമിട്ടതെന്ന് വിസ്മരിക്കരുത്. നിയമം അനുസരിച്ചാൽ വ്യവഹാരങ്ങൾ അവസാനിക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ മാത്രമാണ് കേസുകൾ ഉണ്ടായത്. കോടതി വിലക്കുള്ള സ്ഥലത്ത് പ്രവേശിച്ച ശേഷം കേസ് ഉണ്ടാകുമ്പോൾ പരിഭവിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ആരോട് ക്ഷമിച്ചാലും ദേവലോകത്തെ കാതോലിക്കയോട് ക്ഷമിക്കില്ലെന്ന് പറഞ്ഞ അദ്ദേ​​ഹത്തിന്റെ (യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക ബാവ) നാവിൽ നിന്ന് തന്നെ സമാധാനത്തിന്റെ സ്വരമുയർന്നത് നന്നായി. 1934 -ലെ ഭരണഘടനയെ അം​ഗീകരിക്കുന്നുവെന്ന് ബഹുമാനപ്പെട്ട കോടതി മുൻപാകെ സത്യവാങ്മൂലം എഴുതിക്കൊടുത്ത മെത്രാപ്പോലീത്താമാരിൽ ഒരാളാണ് അദ്ദേഹം. എന്നാൽ പിന്നീട് ഭാരതത്തിന്റെ നിയമസംവിധാനങ്ങളെയും, നീതിപീഠം അം​ഗീകരിച്ച ഭരണഘടനയെയും ധിക്കരിച്ച് അദ്ദേഹം പ്രവർത്തിക്കുന്നതാണ് കണ്ടത്. ചർച്ചയുണ്ടാകേണ്ടത് രാജ്യത്തിന്റെ നിയമം അംഗീകരിക്കുന്നവർ തമ്മിലാകണം. അത് വ്യക്തമായി പറയുവാൻ അദ്ദേഹം സന്ന​ദ്ധനാകണം. സമാധാനത്തിലേക്ക് പ്രവേശിക്കാനുള്ള ആദ്യപടി രാജ്യത്തിന്റെ നിയമത്തെ അം​ഗീകരിക്കുക എന്നതാണ്.

രാജ്യത്തെ നിയമത്തെ അം​ഗീകരിച്ചുള്ള സമാധാനത്തിന് തയാറല്ലെങ്കിൽ അക്കാര്യവും അദ്ദേഹം വ്യക്തമാക്കണം. പൂർണമായും മറ്റൊരുസഭയായി നിലകൊള്ളാനാണ് തീരുമാനമെങ്കിൽ കൈയ്യേറി വെച്ചിരിക്കുന്ന പള്ളികൾ തിരികെ നൽകുക എന്നതാണ് ഉചിതം.

മലങ്കരസഭയ്ക്കൊപ്പം നിലകൊള്ളാൻ ആ​ഗ്രഹിക്കുന്ന വിശ്വാസിസമൂഹത്തെ അടർത്തിമാറ്റരുത്. നിയമം നടപ്പാക്കിയ പള്ളികൾ പിടിച്ചെടുക്കപ്പെട്ടു എന്ന വ്യാഖ്യാനം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പള്ളികൾ യഥാർത്ഥ അവകാശികളിലേക്ക് വന്നുചേരുകയാണ് ചെയ്തത്. വ്യവഹാരരഹിത മലങ്കരസഭ എന്ന ഏവരുടെയും അഭിലാഷം പൂവണിയാൻ നമുക്ക് ക്രൈസ്തവ മാർ​ഗത്തിലൂടെ ‌ ശ്രമിക്കാം. മലങ്കര ഓർത്തഡോക്സ് സഭ പതിറ്റാണ്ടുകളായി മുന്നോട്ടുവെക്കുന്നതും ഇതേ ആശയമാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *