വായന വാരത്തിൽ മാതൃകയായി ജോൺ എഫ് കെന്നഡി സ്കൂളിലെ വീട്ടിടങ്ങളിൽ വായനക്കൂട്ടം പദ്ധതി
കരുനാഗപ്പള്ളി: പുസ്തക വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി ജോൺ എഫ് കെന്നഡി സ്കൂൾ വായന വാരത്തോടനുബന്ധിച്ച് തുടക്കം കുറിച്ച വീട്ടിടങ്ങളിൽ വായനക്കൂട്ടം പദ്ധതി മാതൃകയാകുന്നു. കഴിഞ്ഞ വർഷം വായന വാരത്തിൽ തുടങ്ങി വച്ച വായനക്കൂട്ടത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിൻ്റയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ മാസവും കുട്ടികളുടെ വീടുകൾ കേന്ദ്രീകരിച്ച് ഒത്ത് കൂടി ഒരു പുസ്തകം ചർച്ച ചെയ്യുന്നതാണ് പദ്ധതി.
കല്ലേലിഭാഗം ഗുരുമന്ദിരം ജംഗ്ഷനിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി രാധീകയുടെ വീട്ടിൽ കുട്ടികൾ ഒത്ത് കൂടി പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രഭാഷകനും എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ പി കെ അനിൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. മാനേജർ മായ ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ വാർഡ് മെമ്പർ ജഗദമ്മ മുഖ്യ അതിഥിയായും ജനത വായനശാല പ്രസിഡൻ്റ് വി ശ്രീജിത് വിശിഷ്ട സാന്നിധ്യമായും എത്തി വായനനാനുഭവങ്ങൾ കുട്ടികളോട് പങ്കിട്ടു. പത്താം ക്ലാസ് വിദ്യാർത്ഥി അനന്യ എൻ രാജു അടുത്ത ചർച്ചക്കായി നിശ്ചയിച്ച *റിയാൻ്റെ കിണർ എന്ന പുസ്തകം കുട്ടികൾക്ക് പരിചയപ്പെടുത്തി.
പ്രിൻസിപ്പാൾ ഷിബു എം എസ്,ഹെഡ് മാസ്റ്റർ മുർഷിദ് ചിങ്ങോലിൽ, പി ടി എ പ്രസിഡൻ്റ് ആദർശ് ടി കെ , ഷീജ ആർ,സുധീർ ഗുരുകുലം,ഷിഹാസ് ഐ, ശ്രീജ ആർ ബിന്ദു കെ ആർ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷം വായനക്കൂട്ടത്തിൻ്റെ നേതൃത്വത്തിൽ സന്തോഷ് ഏച്ചിക്കാനത്തിൻ്റെ ബിരിയാണി എന്ന നോവൽ 100 പുസ്തകങ്ങൾ വാങ്ങി ചർച്ച നടത്തിയിരുന്നു. താലൂക്ക് ലൈബ്രറി കൗൺസിലുമായി ചേർന്ന് പത്ത് പൊതു ഇടങ്ങളിൽ പുസ്തക കൂടുകൾ സ്ഥാപിക്കുകയും സ്കൂൾ വളപ്പിൽ കുട്ടികളുടെ വായനയ്ക്കായ് പുസ്തക കൂടുകൾ ഒരുക്കിയിട്ടുമുണ്ട്