പെരുമഴയത്തും ആവേശം ചോരാതെ രാജീവ് ചന്ദ്രശേഖറിൻ്റെ പര്യടനം
തിരുവനന്തപുരം: വേനൽ ചൂടിന് ആശ്വാസമേകി പെയ്ത കോരി ചൊരിഞ്ഞ മഴയത്തും ആവേശം ചോരാതെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പ്രചരണ പര്യടനം പുരോഗമിക്കുന്നു. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ ഇന്നലത്തെ പര്യടനം ഗ്രാമപ്രദേശത്തും തീരപ്രദേശത്തും വൻ സ്വീകരണം ഏറ്റുവാങ്ങി മുന്നേറി. ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പശത്താൽ പുണ്യമായ അരുമാനൂർ ശ്രീ നയിനാർ ദേവ ക്ഷേത്രത്തിൽ തൊഴുത് വണങ്ങിയ ശേഷം തുടങ്ങിയ വാഹന പ്രചരണ ജാഥ ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ: വി.ടി. രമ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അഡ്വ. സുനീഷ് അദ്ധ്യക്ഷനായി.
അരുമാനൂർ ജംഗ്ഷനിലെ സ്വീകരണത്തിന് ശേഷം കോയിക്കവിളാകം ക്ഷേത്രം വഴി ശൂലംകുടി,പൂവാർ, പാമ്പുകാല, പരണിയം,പട്ട്യക്കാല എന്നിവിടങ്ങളിൽ ജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങിയ സ്ഥാനാർത്ഥി തീരപ്രദേശമായ കരുംകുളം, പുതിയതുറ,പള്ളം, പുല്ലുവിള കൊച്ചുപള്ളി അടിമലത്തുറ, അമ്പലത്തിൻമൂല എന്നിവിടങ്ങിളിൽ എത്തി. മത്സ്യതൊഴിലാളികളുടെ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് തുറന്ന വാഹനത്തിൽ സ്ഥാനാർത്ഥിയുടെ വാഹന പ്രചരണ ജാഥ മുന്നോട്ടു പോയത്.
തീരപ്രദേശത്ത് ആവേശതിരയിളക്കി നൽകിയ സ്വീകരണത്തിന് നന്ദി പറഞ്ഞും നരേന്ദ്രമോദിയുടെ വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞുമായിരുന്നു സ്ഥാനാർത്ഥിയുടെ പര്യടനം. കാഞ്ഞിരംകുളം സ്പാർക്ക് പി. എ.സി കോച്ചിംഗ് സെന്ററിലെത്തിയ സ്ഥാനാർത്ഥിയെ ചെയർമാർ ആർ വി ഷിബു,സി ഇ ഒ അജയ് മഹേഷ് എന്നിവർ സ്വീകരിച്ചു. വിദ്യാർത്ഥികളുമായി സംസാരിച്ചു.