മംഗളം ദിനപത്രം കൈപ്പിടിയിലാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

0

കോട്ടയം: മംഗളം ദിനപത്രം ഏഷ്യാനെറ്റ് സ്വന്തമാക്കുന്നു. ഏഷ്യാനെറ്റ് ചെയര്‍മാനും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ കോട്ടയം ആസ്ഥാനമായ മംഗളം ദിനപത്രം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്.പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായതിനു പിന്നാലെയാണ് മലയാളം ചാനല്‍ രംഗത്ത് റേറ്റിംഗില്‍ ഒന്നാമതായ ഏഷ്യാനെറ്റ് ഉടമ ഒരു പത്രം കൂടി സ്വന്തമാക്കുന്നത്. ഏറെ നാളായി കടുത്ത പ്രതിസന്ധിയിലും ജീവനക്കാര്‍ നിസഹകരണത്തിലുമാണ് മംഗളം ദിനപത്രത്തില്‍.മംഗളത്തിന്റെ തലപ്പത്ത് അഴിച്ചുപണി ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. നിലവില്‍ കടുത്ത കോണ്‍ഗ്രസ് അനുകൂലിയായ ഒരു മാധ്യമപ്രവര്‍ത്തകനാണ് മംഗളത്തെ നിയന്ത്രിക്കുന്നത്. കോൺഗ്രസ്കാരനെങ്കിലും പത്രപ്രവർത്തക തെരഞ്ഞെടുപ്പുകളിൽ പരമാവധി ദേശാഭിമാനിക്കാരെ വിജയിപ്പിച്ചെടുക്കാനാണ് കാലങ്ങളായി അദ്ദേഹം അഹോരാത്രം പണിയെടുക്കുന്നത്!.

മംഗളം ചാനലും പിന്നെ പത്രവും പ്രതിസന്ധിയിലായപ്പോള്‍ മാനേജ്‌മെന്റിന്റെ തിരുവനന്തപുരത്തെ മാനസപുത്രനെ ഏറെക്കുറെ ഒഴിവാക്കി പത്രം കോട്ടയം ലോബി പിടിച്ചെടുക്കുകയായിരുന്നു. ഈ ലോബിയുടെ കൈയില്‍ പത്രം ശോഷിച്ചു. വേതനം കിട്ടാക്കനിയായി. പിരിച്ചുവിടലും തകൃതിയായി നടക്കുന്നു. അങ്ങനെ ധര്‍മസങ്കടത്തിലായിരിക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ അരങ്ങേറ്റം. നിലവിലുളള ഈ ലോബിയെ കരുതലോടെ കാണണമെന്ന് ബിജെപി നേതാവിന് സന്ദേശം ലഭിച്ചു കഴിഞ്ഞു.ഇംഗ്‌ളീഷ് ദിനപത്രത്തിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇപ്പോള്‍ പ്രമുഖ പത്രത്തിന്റെ സുപ്രധാന പദവിയിലുമുളള മാധ്യമപ്രവര്‍ത്തകനാണ് രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ കാര്യ ഉപദേശകന്‍. ഇദ്ദേഹമായിരിക്കും പുതിയ ടീമിനെ നിയോഗിക്കുക എന്നറിയുന്നു.
മുമ്പ് കേരളാ വ്യാപാര വ്യവസായ സമിതിയുമായി ചേർന്ന് മംഗളം പത്രം നടത്തിയയെങ്കിലും വൻ നഷ്ടക്കച്ചവടത്തിലാണ് കലാശിച്ചത്.

രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ജുപ്പീറ്റര്‍ ക്യാപ്പിറ്റലുമായി മംഗളം കരാറായതായാണ് വിവരം. തിരുവനന്തപുരം തമ്പാനൂരില്‍ അരിസ്റ്റോ ജംഗ്ഷനിലാണ് മംഗളം ഓഫീസ് കെട്ടിടം. കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലും യൂണിറ്റുകളുണ്ട്.ഏഷ്യാനെറ്റ് ന്യൂസ് ഉണ്ടെങ്കിലും സ്വന്തമായി പത്രം ഇല്ലാത്തതിന്റെ കുറവ് നികത്താന്‍ തുടക്കം മുതലേ രാജീവ് ശ്രമം തുടങ്ങിയിരുന്നു. ജന്മഭൂമി പത്രം ബിജെപിയുടെ ഔദ്യോഗിക പത്രമായി തുടരുമ്പോൾ മറ്റൊരു പത്രം ഏറ്റെടുക്കുന്നതിനെതിരെ ചില മുറുമുറുപ്പുകൾ പാർട്ടിയിൽ ഉയർന്നിട്ടുണ്ട്. ദേശാഭിമാനി പത്രമാണ് ഇതു സംബന്ധിച്ച വാർത്താ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *