.സ്വർണ വായ്പ്പകളിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി RBI

0

മുംബൈ: മറ്റ് വായ്‌പകളെ അപേക്ഷിച്ച് സ്വര്‍ണ വായ്‌പകള്‍ക്ക് പലിശ നിരക്ക് വളരെ കുറവാണ്. അതുകൊണ്ട് തന്നെയാണ് ഭൂരിഭാഗം പേരും ഇത് തെരഞ്ഞെടുക്കുന്നത്. എന്നാൽ ഇനി മുതൽ സ്വർണ വായ്‌പകൾ എടുക്കുന്നത് അത്ര സുഗമമാകില്ല. ഈ വിഭാഗത്തില്‍ നിയന്ത്രണം വരാൻ പോകുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

RBI ഗവർണർ സഞ്ജയ് മൽഹോത്രയുടെ നേതൃത്വത്തില്‍ നടന്ന സെൻട്രൽ ബാങ്കിന്‍റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലാണ് സ്വര്‍ണ വായ്‌പകളില്‍ നിയന്ത്രണം കൊണ്ടുവരുന്നുവെന്ന കാര്യം വ്യക്തമാക്കിയത്. സ്വർണ വായ്‌പകൾ നൽകുന്നത് സംബന്ധിച്ച് ഇനി മുതൽ ചട്ടങ്ങളും നിയമങ്ങളും കൂടുതൽ കാര്യക്ഷമമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.സ്വർണ വായ്‌പകൾ എടുക്കുന്നതിൽ ദ്രുതഗതിയിലുള്ള വളർച്ചയും വായ്‌പ നൽകുന്നവർക്കിടയിൽ ക്രമക്കേടുകൾ വർധിച്ചതുമാണ് ഇത്തരം വായ്‌പകളില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണത്തിനൊരുങ്ങുന്നതെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു. നിലവില്‍ വ്യക്തികള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും സ്വർണ വായ്‌പ നൽകുന്നതിന് വ്യത്യസ്‌ത നിയമങ്ങളാണ് ഉള്ളത്.രാജ്യത്ത് സ്വർണ വായ്‌പകളിൽ വമ്പൻ വർധനവാണ് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2025 ജനുവരിയിലെ കണക്കനുസരിച്ച് കുടിശ്ശികയുള്ള സ്വർണ വായ്‌പകൾ 1.78 ലക്ഷം കോടി രൂപയായി. 77 ശതമാനം വർധനവാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നത്. സ്വർണ വില കുത്തനെ ഉയർന്നതോടെ വായ്‌പാ വിഭാഗവും അതേ വേഗത്തിൽ വളർന്നു. ഇത് സ്വർണ വായ്‌പകളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താമെന്നുള്ള തീരുമാനത്തിലേക്ക് നയിച്ചു.

ആര്‍ബിഐ ഗവര്‍ണറുടെ  പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് വിവിധ സ്വര്‍ണ വായ്‌പാ ബാങ്കുകളിലെ നിക്ഷേപം കുത്തനെ ഇടിഞ്ഞു. ലോൺ നൽകുന്ന വൻകിട കമ്പനികളായ മുത്തൂറ്റ് ഫിനാൻസ്, ഐഐഎഫ്എൽ ഫിനാൻസ്, മണപ്പുറം ഫിനാൻസ്, ചോളമണ്ഡലം ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് ഫിനാൻസ് എന്നിവയുടെ ഓഹരി ഈ പ്രഖ്യാപനം വന്നതിന് പിന്നാലെ ഏഴ് ശതമാനം വരെ ഇടിഞ്ഞുവെന്നാണ് കണക്കുകള്‍.

മുത്തൂറ്റ് ഫിനാൻസിൻ്റെ ഓഹരി ഇന്ന് മാത്രം 10% ഇടിവ് നേരിട്ടുവെന്ന് ഏഞ്ചൽ വൺ ഇക്വിറ്റി ടെക്‌നിക്കൽ ആൻഡ് ഡെറിവേറ്റീവ് അനലിസ്റ്റ് രാജേഷ് ഭോസാലെ പറഞ്ഞു. മണപ്പുറം ഫിനാൻസിൻ്റെ ഓഹരി വില കുത്തനെ കുറഞ്ഞു.

പെട്ടെന്ന് പണം ലഭിക്കുന്നതിനായി സ്വർണം കൈയിലുണ്ടെങ്കിൽ ഉടൻ തന്നെ ആളുകൾ സ്വർണം പണയം വച്ച് വായ്‌പയെടുക്കാൻ നിർബന്ധിതരാകുന്നു. ഇതിൻ്റെ ഫലത്തിൽ സ്വർണ വായ്‌പകൾ കുത്തനെ ഉയരാൻ കാരണമായി. പോയ വർഷം 2024ൽ സെപ്റ്റംബർ വരെയുള്ള വായ്‌പയുടെ കണക്ക് പരിശോധിച്ചാൽ കുത്തനെ വർധനവുണ്ടായതായി ആർബിഐ റിപ്പോർട്ടിൽ പറയുന്നു.

സ്വര്‍ണ വായ്‌പകള്‍ നല്‍കുന്ന ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും ആർ‌ബി‌ഐയുടെ അവലോകനത്തിൽ നിരവധി പിഴവുകൾ കണ്ടെത്തി. സ്വർണത്തിൻ്റെ മൂല്യം നിർണയിക്കുന്നതിലുള്ള പിഴവ്, വായ്‌പ നൽകുന്ന പണം എന്തിനാണ് ഉപഭോക്താവ് ഉപയോഗപ്പെടുത്തുന്നതെന്ന് നിരീക്ഷിക്കുന്നില്ല. ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ വായ്‌പ നൽകുന്നവരെയും സ്വീകരിക്കുന്നവരെയും കൂടുതൽ അപകടത്തിലാക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

 

വായ്‌പ നൽകുന്ന സ്ഥാപനങ്ങളിൽ വിശദമായ പരിശോധന നടത്താനും ആര്‍ബിഐ നിർദേശിച്ചു. വരാനിരിക്കുന്ന നിയന്ത്രണങ്ങൾ വായ്‌പ നൽകുന്നതിൽ സുതാര്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപ്പിലാക്കാൻ ആർബിഐ നിശ്ചയിച്ചിരിക്കുന്നത്.

ആര്‍ബിഐ സ്വര്‍ണ വായ്‌പകള്‍ക്ക് നിയന്ത്രണം കൊണ്ടു വരുമ്പോള്‍ ഇത് സാധാരണക്കാരെ സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധര്‍ വ്യക്തമാക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചടത്തോളം അവരുടെ പക്കലുള്ള സ്വത്ത് എന്ന് പറയുന്നത് സ്വർണം തന്നെയാണ്. പണം ആവശ്യം വരുന്ന ഘട്ടത്തിൽ സ്വർണം പണയം വച്ച് വായ്‌പയെടുക്കാൻ അവര്‍ നിർബന്ധിതരാകുന്നു. നിയന്ത്രണങ്ങൾ കർശനമാക്കി കഴിഞ്ഞാൽ സ്വർണ വായ്‌പയെടുക്കുകയും അതിന് പരിതികള്‍ ഏര്‍പ്പെടുത്താൻ സാധ്യതയുണ്ട്. എന്തിനാണ് വായ്‌പ എടുക്കുന്നത് എന്നത് ഉള്‍പ്പെടെ കൂടുതല്‍ വിശദീകരണം നല്‍കേണ്ടി വരും. നിലവിലുള്ള രീതിയില്‍ ഇനി സ്വര്‍ണ വായ്‌പ എടുക്കാൻ സാധാരണക്കാര്‍ക്ക് കഴിയില്ലെന്ന് ചുരുക്കം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *