പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ
മുംബൈ: പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ 6.5 ശതമാനത്തില്‍ തുടരും. നഗരങ്ങളിലെ ഉപഭോഗ ശേഷി വര്‍ധിച്ചത് ആഭ്യന്തര വളര്‍ച്ചക്ക് സ്ഥിരത നല്‍കുന്നുണ്ടെങ്കിലും പണപ്പെരുപ്പം പരിഗണിച്ച് പണനയത്തില്‍ മാറ്റംവരുത്തേണ്ടെന്നാണ് യോഗത്തില്‍ ധാരണയായത്. സുസ്ഥിരമായ സാമ്പത്തിക വളര്‍ച്ചയെ പിന്തുണക്കുന്നതിനാണ് സമതി ഊന്നല്‍ നല്‍കിയതെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.
തുടര്‍ച്ചയായി ഒമ്പതാമത്തെ തവണയാണ് നിരക്കുകളില്‍ മാറ്റംവരുത്തുന്നതില്‍നിന്ന് ആര്‍ബിഐ വിട്ടുനില്‍ക്കുന്നത്. പണവായ്പാനയ യോഗത്തില്‍ ആറില്‍ നാല് പേരും അനുകൂലിച്ച് വോട്ട് ചെയ്തു.
ഭക്ഷ്യ ഉത്പന്ന വിലകള്‍ കുതിക്കുന്നത് ആര്‍ബിഐ കരുതലോടെയാണ് കാണുന്നത്. പണപ്പെരുപ്പം ക്ഷമതാ പരിധിയായ രണ്ട് ശതമാനത്തിനും ആറ് ശതമാനത്തിനും ഇടയിലാണെങ്കിലും നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്താനാണ് റിസര്‍വ് ബാങ്കിന്റെ ശ്രമം.
- നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 ശതമാനത്തില്‍ നിലനിര്‍ത്തി.
- പണപ്പെരുപ്പ അനുമാനവും 4.5 ശതമാനത്തില്‍ നിലനിര്‍ത്തി. ഭക്ഷ്യ വിലക്കയറ്റവും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും അസംസ്‌കൃത എണ്ണവില ഉയര്‍ത്തിയേക്കാം.
- ആര്‍ബിഐ തീരുമാനം പുറത്തുവന്നതോടെ സെന്‍സെക്‌സ് 500 പോയന്റ് താഴ്ന്നു.