6 മാസം ഉപയോഗിക്കാത്ത റേഷൻകാർഡുകൾ മരവിപ്പിക്കും :ഒരാൾക്ക് ഒരു സംസ്ഥാനത്തുമാത്രം

കേരളത്തിൽ റേഷൻ വാങ്ങാത്ത കാർഡ് ഉടമകൾ ശരാശരി 17 ലക്ഷം
തിരുവനന്തപുരം :ആറു മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്തവരുടെ റേഷൻ കാർഡ് മരവിപ്പിക്കും, കേന്ദ്ര ഉപഭോക്തൃ–ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം കൊണ്ടുവന്ന ചട്ടഭേദഗതി പ്രാബല്യത്തിൽ വന്നു.സംസ്ഥാന സർക്കാരാണ് കാർഡ് മരവിപ്പിക്കേണ്ടത്. തുടർന്ന് 3 മാസത്തിനകം നേരിട്ടു പരിശോധന നടത്തി, ഉടമകളുടെ ഇലക്ട്രോണിക്–കെ.വൈ.സി (തിരിച്ചറിയൽ) നടപടിക്രമം പൂർത്തിയാക്കണം. അർഹത ബോധ്യപ്പെട്ടാൽ റേഷൻ നൽകും.
പുതിയ നീക്കം കേരളത്തിൽ ഒട്ടേറെപ്പേരെ ബാധിക്കും. കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം പേർ റേഷൻ വാങ്ങുന്നില്ല. കഴിഞ്ഞമാസം 95.05 ലക്ഷം കാർഡ് ഉടമകളിൽ 78.33 ലക്ഷം പേർ (82.34%) മാത്രമാണു റേഷൻ വാങ്ങിയത്. 3 മാസം റേഷൻ വാങ്ങാത്ത പിങ്ക്, മഞ്ഞ കാർഡുകൾ മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കുന്ന രീതി നിലവിലുണ്ടെങ്കിലും കാർഡ് മരവിപ്പിക്കുന്ന രീതി ഒരു വിഭാഗത്തിലുമുണ്ടായിരുന്നില്ല.റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിങ് (ഇ–കെ.വൈ.സി) ഇനി 5 വർഷത്തിലൊരിക്കൽ നടത്തണമെന്നു കേന്ദ്ര സർക്കാർ വ്യവസ്ഥ ചെയ്തു. 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെയും ആധാർ നമ്പർ ലഭ്യമെങ്കിൽ രേഖപ്പെടുത്തണം. 5 വയസ്സ് തികഞ്ഞ് ഒരു വർഷത്തിനുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കണം. 18 വയസ്സാകാത്തവർക്കു പ്രത്യേകം റേഷൻ കാർഡ് അനുവദിക്കില്ല. കേരളത്തിൽ നിലവിൽ മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ അംഗങ്ങളുടെ മസ്റ്ററിങ്ങാണ് നിർബന്ധമായും ചെയ്യേണ്ടത്. ഇതിൽ സംസ്ഥാനം 98.85% പൂർത്തിയാക്കി.
ഒരാൾ ഒന്നിലേറെ സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ആ കാർഡുകൾ മരവിപ്പിക്കണം. തുടർന്ന് അർഹത തെളിയിക്കാൻ 3 മാസത്തിനകം മസ്റ്ററിങ് നടത്തണം.
പുതിയ അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കണം. പിന്നാക്ക, ദുർബല വിഭാഗങ്ങൾക്ക് സാഹചര്യം പരിഗണിച്ചുള്ള മുൻഗണന നൽകാം. വെയ്റ്റ് ലിസ്റ്റ് സംസ്ഥാന പോർട്ടലിൽ പ്രസിദ്ധീകരിക്കുകയും വേണം .അപേക്ഷകളുടെ തൽസ്ഥിതി പരിശോധിക്കാനും സൗകര്യം വേണം.