‘ഭാരത രത്തന് ‘ വിട: ആദരാഞ്ജലി അർപ്പിക്കാനെത്തിയത് പതിനായിരങ്ങൾ
മുംബൈ: രാജ്യത്തിൻ്റെ വ്യാവസായികരംഗത്ത് വിപ്ലവം സൃഷ്ട്ടിച്ചതിനപ്പുറം മാനുഷികവും
ജീവകാരുണ്യപരവുമായ എല്ലാ മേഖലകളിലും സമഗ്രസംഭാവനകൾ നൽകി ലാളിത്യംകൊണ്ട് ജനഹൃദയങ്ങളെ കീഴടക്കിയ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ
മറൈൻ ഡ്രൈവിലെ നാഷണൽ സെൻ്റർ ഫോർ പെർഫോമിംഗ് ആർട്‌സിൽ (എൻസിപിഎ) എത്തിച്ചേർന്നത് പതിനായിരങ്ങൾ . പ്രവൃത്തിദിനമായിരുന്നിട്ടും NCPA യുടെ ഗേറ്റ് 3 ലെ ക്യൂവിന്റെ ദൈർഘ്യം രാവിലെ മുതൽ ഓരോ നിമിഷവും ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടേയിരുന്നു . കാത്തിരിപ്പ് നീണ്ടുപോയിട്ടും ക്ഷമ കൈവിടാതെ നിന്നവരിൽ പലരുടേയും മുഖത്ത് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ നഷ്ട്ടപ്പെട്ട വേദന യായിരുന്നു.ഇവരിൽ പലരും ടാറ്റയുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരനായിരുന്നു . ഉയർന്ന താപനിലയും ഉപ്പുരുചിയുള്ള കടൽക്കാറ്റും ആരെയും അസ്വസ്ഥരാക്കിയില്ല.
ടാറ്റയുടെ മൃതദേഹം രാവിലെ പത്തരയോടെയാണ് സെൻ്ററിലെത്തിച്ചത് , ഇന്ത്യൻ പതാക പൊതിഞ്ഞ ഒരു ഗ്ലാസ് ശവപ്പെട്ടിയിൽ വച്ചു. ചുവന്ന പാഴ്സി തൊപ്പി ധരിപ്പിച്ച ശിരസ്സും ശാന്തമായ മുഖവുമായുള്ള ആ അന്ത്യനിദ്ര കണ്ടുനിന്ന പലരുടെയും കണ്ണ് നിറയിച്ചു. വെള്ളവസ്ത്രം ധരിച്ച കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ശവപ്പെട്ടിക്ക് സമീപം മുൻനിരയിൽ ഉണ്ടായിരുന്നു.
എണ്ണമറ്റ ജീവിതങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും സ്പർശിച്ച ഒരു വ്യക്തിയുടെ ശാന്തമായ യാത്രയുടെ വിങ്ങൽ നിറഞ്ഞ അന്തരീക്ഷം. ചുറ്റുമതിലിനു സമീപം തടിച്ചുകൂടിയവർ ടാറ്റയുമായുള്ള കൂടിക്കാഴ്ചയുടെ കഥകൾ പങ്കുവെച്ചു, അദ്ദേഹത്തിലെ ഔദാര്യവും പരിചയപ്പെടുന്നവർക്കെല്ലാം ഊർജ്ജസ്വലതയും പ്രതീക്ഷയും സമ്മാനിക്കുന്ന സ്നേഹ സ്പർശവും പരസ്പ്പരം പങ്കുവെച്ചുമായിരുന്നു അവർ കാണാനുള്ള കാത്തിരിപ്പിനെ മറികടന്നത് .
പതിറ്റാണ്ടുകളായി കുടുംബത്തോടൊപ്പം ജോലി ചെയ്ത ടാറ്റയുടെ തലമുറയിൽപ്പെട്ടവരായിരുന്നു പങ്കെടുത്തവരിൽ പലരും. തിരക്കുകൾക്കിടയിലും അവർക്കായി നീക്കിവച്ച സമയവും ശ്രദ്ധയും അവർ എടുത്ത് പറഞ്ഞുകൊണ്ടിരുന്നു.
ഉദ്ധവ്, ആദിത്യ താക്കറെ എന്നിവരും അരവിന്ദ് സാവന്തും അനിൽ ദേശായി, ഇവർക്ക് പിന്നാലെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും എത്തി. ആമിർ ഖാനും കിരൺ റാവുവും പോലെ മുകേഷും നിത അംബാനിയും തൊട്ടുപിന്നാലെ എത്തി. പ്രഗത്ഭരും പ്രശസ്തരായവരും മാത്രമായിരുന്നില്ല ഏറ്റവും താഴേക്കിടയിൽ ജീവിക്കുന്ന ഏറ്റവും സാധാരണക്കാരായവർ വരെ ടാറ്റയുടെ നിശ്ചല ശരീരം വഹിച്ചുപോകുന്ന വാഹനങ്ങൾക്കിരുവശമുള്ള തെരുവിൽ നിറഞ്ഞു നിന്നിരുന്നു.
ഒരു യുഗത്തിന്റെ അന്ത്യയാത്ര ഒരുനോക്ക് കാണുന്നതിനായി മാത്രം ..!